മുംബൈ: കോവിഡ്-19 മഹാമാരിയുടെ പേരിൽ അന്താരാഷ്ട്ര സമൂഹം ചൈനയെ കുറ്റപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായി രാജ്യം കരുതിയിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇതാണ് മറ്റ് രാജ്യങ്ങളോടുള്ള ചൈനയുടെ കടുത്ത സമീപനത്തിനും രാജ്യത്തിനകത്തെ കർശനമായ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ സംഘടന സംഘടിപ്പിച്ച ഇക്വാത്ത് ഗ്ലോബൽ ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയിലെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ച കാലയളവിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മിസ്രി പരാമർശിച്ചു. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ അഭൂതപൂർവമായ സൈനിക സംഘർഷമായിരുന്നു അന്നത്തെ പ്രധാന വെല്ലുവിളികളിലൊന്നെന്നും അദ്ദേഹം ഓർത്തെടുത്തു.





