ഗാന്ധിനഗർ: സ്കൂൾ പരിസരങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രവേശനനിയന്ത്രണങ്ങൾ കർശനമാക്കി ഗുജറാത്ത് സർക്കാർ. മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർക്ക് സ്കൂൾ വളപ്പിൽ പ്രവേശിക്കാനാകില്ലെന്ന് സർക്കാർ നിർദേശിച്ചു.
സ്കൂൾ കമ്മീഷണറുടെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ സർക്കുലർ പ്രകാരം, സ്കൂൾ പരിസരത്ത് പ്രവേശിക്കുന്നതിന് പുറത്തുനിന്നുള്ളവർ പ്രിൻസിപ്പലിന്റെയോ സ്ഥാപനമേധാവിയുടെയോ രേഖാമൂലമുള്ള മുൻകൂർ അനുമതി നേടണം.
ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിനായി അധികാരപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ ഈ നിബന്ധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്കൂളിലെത്തുന്ന എല്ലാ സന്ദർശകരുടെയും വിവരങ്ങൾ സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
സ്കൂൾ പരിസരങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിലൂടെയും സന്ദർശകരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതിലൂടെയും സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് പുതിയ നിർദേശത്തിന്റെ ലക്ഷ്യം.





