Kerala News

“എന്ത് ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യം; വസ്ത്രത്തിന്റെ പേരിൽ വിലയിരുത്തൽ അംഗീകരിക്കാനാകില്ല” – ഹൈക്കോടതി

കൊച്ചി: വസ്ത്രധാരണം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് അടിയന്തിരമാണെന്നും, വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ല എന്നതും കേരള ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എംബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി പരി​ഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.

ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയിൽ എത്തിയത്. ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബക്കോടതി നിഷേധിച്ചത്. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന കുടുംബക്കോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനേ ആകില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *