കെഎസ്ആർടിസി ബസ്സുകളിൽ വനിതാ യാത്രക്കാർക്ക് 2026 ജൂൺ മാസം 15 മുതൽ സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. “പ്രിയദർശിനി സ്കീം” എന്നറിയപ്പെടുന്ന ഈ പദ്ധതിയുടെ പ്രധാന വ്യവസ്ഥകൾ ഇനി പറയുന്നു.
1) പെൺകുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാ വിഭാഗം വനിതകൾക്കും ഓർഡിനറി ബസ്സുകളിൽ പൂർണ്ണമായും സൗജന്യ യാത്ര.
2) പ്രസ്തുത യാത്രകൾക്ക് ദൂരപരിധി ഇല്ല.
3) സംസ്ഥാനത്തിന് പുറത്തേക്കും ഓർഡിനറി ബസ്സുകളിൽ സൗജന്യ യാത്ര ചെയ്യാം.
4) മലയാളികൾക്ക് മാത്രമല്ല അന്യസംസ്ഥാന വനിതകൾക്കും യാത്ര സൗജന്യമായിരിക്കും.
5) ഓർഡിനറിയുടെ വിവിധ രൂപങ്ങളായ ലിമിറ്റഡ് സ്റ്റോപ്പ് (LS)ഓർഡിനറി , ടൗൺ ടൂ ടൗൺ (TT) ഓർഡിനറി തുടങ്ങി എല്ലാ ഓർഡിനറി സർവീസുകളിലും സൗജന്യ യാത്ര അനുവദിക്കുന്നതാണ്.
6) യാത്രചെയ്യുന്ന എല്ലാ വനിതകൾക്കും “സീറോ വാല്യൂ ടിക്കറ്റ്” നൽകും.
7) സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നതിനാൽ വിദ്യാർത്ഥിനികൾക്ക് ഇനി മുതൽ കൺസഷൻ ടിക്കറ്റ് എടുക്കേണ്ടതില്ല.
8) ലിംഗ ന്യൂനപക്ഷങ്ങൾക്കും (transgenders) ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
9) 2026 ജൂൺ മാസം പതിനഞ്ചാം തീയതി (തിങ്കൾ )രാവിലെ 08:30ന് കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രസ്തുത പദ്ധതി ഉദ്ഘാടനം ചെയ്യുന്നത് മുതലാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.
10. അന്നേദിവസം 08:30 ന് മുമ്പ് ഓർഡിനറി ബസ്സിൽ യാത്ര ചെയ്യുന്നവർക്ക് യാത്രാസൗജന്യം ലഭിക്കുകയില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.




