ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ വിപണിയിൽ വൻ ആശങ്ക ഉയർന്നു. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിലച്ചിരിക്കുകയാണ്. ഈ ജലപാതയിലൂടെ കടന്നുപോകുന്ന വിദേശ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പ് ഇന്ത്യ പോലെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. പ്രതിദിനം 2.5 മുതൽ 2.7 മില്യൺ ബാരൽ വരെ എണ്ണ ഇന്ത്യയിൽ എത്തുന്നത് ഈ കടലിടുക്ക് വഴിയാണ്.
യുദ്ധസാഹചര്യത്തിൽ ആഭ്യന്തര ഇന്ധന ലഭ്യത ഉറപ്പാക്കാൻ പെട്രോൾ, ഡീസൽ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും എൽപിജിക്ക് റേഷനിംഗ് കൊണ്ടുവരാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഇന്ത്യയുടെ കരുതൽ എണ്ണശേഖരം രണ്ടാഴ്ചത്തേക്കുള്ള ഉപയോഗത്തിന് മാത്രമെന്ന ആശങ്കയും നിലനിൽക്കുന്നു. ഈ പ്രതിസന്ധി മറികടക്കാൻ അടിയന്തര ക്രൂഡ് സപ്ലൈ പദ്ധതി സജ്ജമാക്കിയിട്ടുള്ള ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങൽ വർധിപ്പിക്കാനുള്ള സാധ്യത സജീവമായി പരിഗണിക്കുന്നുവെന്നാണ് സൂചന.





