വന്യജീവി സംരക്ഷണ രംഗത്ത് സമഗ്ര മാതൃകയായി ഉയർന്നുവന്ന വൻതാര ആദ്യ വാർഷികം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ സംരംഭം ഒരു വർഷത്തിനിടെ ദുരിതാവസ്ഥയിലായിരുന്ന ആയിരക്കണക്കിന് വന്യജീവികൾക്ക് പുനർജീവൻ നൽകി ശ്രദ്ധേയ നേട്ടം കൈവരിച്ചു. അനന്ത് അംബാനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഈ ദൗത്യം വന്യജീവി രക്ഷാപ്രവർത്തനം, അത്യാധുനിക ചികിത്സ, ശാസ്ത്രീയ സംരക്ഷണ രീതികൾ എന്നിവയിലൂടെ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. വന്യജീവി സംരക്ഷണ രംഗത്തെ മികവിനായി അനന്ത് അംബാനിക്ക് ‘ഗ്ലോബൽ ഹ്യൂമൻ അവാർഡ്’ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചു. ‘പ്രാണി മിത്ര അവാർഡ് 2025’ ഉൾപ്പെടെ പല ബഹുമതികളും വൻതാരയെ തേടിയെത്തി.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാർജാരവർഗങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങി നൂറുകണക്കിന് ജീവികളെ വൻതാര രക്ഷപ്പെടുത്തി ചികിത്സ നൽകി. സങ്കീർണ ശസ്ത്രക്രിയകൾ ഉൾപ്പെടെ വൈദ്യസഹായം നൽകി നിരവധി ജീവികളെ വീണ്ടും സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കിയയച്ചു. സർകസുകളും റൈഡുകളും ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ 250-ലേറെ ആനകൾക്ക് പ്രത്യേക പരിചരണവും ദീർഘകാല പിന്തുണയും ലഭിക്കുന്നു. ഗുജറാത്ത് വനം വകുപ്പുമായി ചേർന്ന് 53 പുള്ളിമാനുകളെ ബർഡാ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചയച്ചത് ശ്രദ്ധേയ നേട്ടമായി. ഇൻഡോനേഷ്യയിലെ സ്നേക്ക്-നെക്ക്ഡ് ആമകളുടെ പുനരധിവാസ പ്രവർത്തനങ്ങളിലും വൻതാര പങ്കാളിയായി.
വന്യജീവികൾക്കായുള്ള നാഷണൽ റഫറൽ സെന്റർ (വെസ്റ്റ് സോൺ) ആയി അംഗീകരിക്കപ്പെട്ട വൻതാരയിൽ 11 സാറ്റലൈറ്റ് ലബോറട്ടറികളും 70-ലധികം വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും പ്രവർത്തിക്കുന്നു. പ്രതിദിനം 2,000-ത്തിലധികം സാമ്പിളുകൾ പരിശോധിക്കുന്ന സംവിധാനവും, 1,56,000 കിലോഗ്രാം ഗുണനിലവാരമുള്ള തീറ്റ ഉൽപാദിപ്പിക്കുന്ന അത്യാധുനിക പ്ലാന്റും ഇവിടെ സജ്ജമാണ്. 200 അംഗ ദ്രുതകർമസേന 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്.
പഞ്ചാബിലെ പ്രളയകാലത്ത് ലക്ഷക്കണക്കിന് ആളുകൾക്കും ആയിരക്കണക്കിന് മൃഗങ്ങൾക്കും സഹായം നൽകിയതിലൂടെ മനുഷ്യകാരുണ്യ രംഗത്തും വൻതാര സജീവ സാന്നിധ്യമായി. സംരക്ഷണം, ഗവേഷണം, പുനരധിവാസം, സമൂഹ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു സമഗ്ര സംരക്ഷണ മാതൃകയായി വളർന്ന വൻതാര, വന്യജീവി സംരക്ഷണത്തിലൂടെ സുസ്ഥിര ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.





