Court Kerala News

മൊബൈൽ ഫോണിന് തകരാർ; വിലയും 9% പലിശയും കൂടി 10,000 രൂപ നഷ്ടപരിഹാരവും നൽകാൻ വിധി

തൃശൂർ: മൊബൈൽ ഫോണിലെ നിരന്തര തകരാറിനെ തുടർന്ന് നൽകിയ ഹർജിയിൽ പരാതിക്കാരന് അനുകൂലമായി വിധി. ചാലക്കുടി തീതായിൽ വീട്ടിൽ വിപിൻ വർഗ്ഗീസ് സമർപ്പിച്ച ഹർജിയിലാണ് നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. കൊച്ചിയിലെ ടി വി എസ് ഇലക്ട്രോണിക്സ് എച്ച് ടി സി സർവീസ് സെന്റർ മാനേജിങ് ഡയറക്ടർക്കും ഹരിയാനയിലെ എച്ച് ടി സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർക്കുമെതിരെയാണ് കേസ്.

12,900 രൂപയ്ക്കാണ് വിപിൻ വർഗ്ഗീസ് മൊബൈൽ ഫോൺ വാങ്ങിയത്. എന്നാൽ ഫോൺ വാങ്ങിയതിനു പിന്നാലെ സ്ക്രീനിൽ മഞ്ഞ നിറം രൂപപ്പെടുക, ചാർജ് കയറാതിരിക്കുക തുടങ്ങിയ നിരവധി തകരാറുകൾ പ്രകടമായി. പരാതി നൽകിയതിനെ തുടർന്ന് എതിർകക്ഷികൾ ഫോൺ കൈപ്പറ്റിയെങ്കിലും തകരാർ പരിഹരിച്ച് തിരികെ നൽകാതിരുന്നതാണ് പരാതിക്ക് വഴിവച്ചത്.

പരാതിക്കാരൻ തുടർന്ന് ഉപഭോക്തൃകോടതിയെ സമീപിച്ചു. കേസിൽ എതിർകക്ഷികളുടെ നടപടി സേവനത്തിലെ വീഴ്ചയും അനുചിത അനുചിത ഇടപാടുമാണെന്ന് കോടതി വിലയിരുത്തി.

പ്രസിഡണ്ട് സി.ടി. സാബു, അംഗങ്ങളായ ശീജ.എസ്., ആർ. രാംമോഹൻ എന്നിവർ ഉൾപ്പെട്ട തൃശൂർ ഉപഭോക്തൃകോടതി പരാതിക്കാരന് ഫോണിന്റെ വിലയായ 12,900 രൂപയും ഹർജി സമർപ്പിച്ച തീയതി മുതൽ 9% പലിശയും നഷ്ടപരിഹാരവും ചെലവുകളും ഉൾപ്പെടുത്തി 10,000 രൂപയും നൽകാൻ ഉത്തരവിട്ടു. പരാതിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി കോടതിയിൽ ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *