ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻ്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി ടെലിഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും മേഖലയിലെ നിലവിലെ സാഹചര്യവുമാണ് ഇരുനേതാക്കളും ചർച്ച ചെയ്തത്.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെയും തുടർനടപടികളെയും കുറിച്ച് പ്രസിഡൻ്റ് പെസെഷ്കിയാൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
പ്രദേശത്ത് കൈവരിച്ച ധാരണയെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. എല്ലാ പ്രശ്നങ്ങൾക്കും സംഭാഷണത്തിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹാരം കാണണമെന്ന ഇന്ത്യയുടെ സ്ഥിരതയാർന്ന നിലപാട് അദ്ദേഹം ഇത്തവണയും ആവർത്തിച്ചു.
പശ്ചിമേഷ്യയിൽ ദീർഘകാല സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടുപോകേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുകാട്ടി. സമുദ്രമാർഗങ്ങളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യവും അന്താരാഷ്ട്ര വാണിജ്യവും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.





