Education India News

ആദിവാസി സർവകലാശാലകൾ സമൂഹവികസനത്തിൻ്റെ കേന്ദ്രങ്ങളാകണം: രാഷ്ട്രപതി ദ്രൗപദി മുർമു

ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ നടന്ന സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി ഓഫ് ആന്ധ്രാപ്രദേശിൻ്റെ ആദ്യ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്തു. ചടങ്ങിൽ സംസാരിക്കവെ ആദിവാസി സർവകലാശാലകൾ ആദിവാസി സമൂഹത്തിൻ്റെ സമഗ്ര വികസനത്തിനും ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിർണായക പങ്ക് വഹിക്കണമെന്ന് അവർ പറഞ്ഞു.

ആദിവാസി സമൂഹത്തിൽ ആത്മവിശ്വാസവും നേതൃത്വപാടവവും നയരൂപീകരണ ശേഷിയും വളർത്തിയെടുക്കുന്ന കേന്ദ്രമായി സർവകലാശാല മാറേണ്ടതുണ്ടെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. സാമൂഹിക നീതി ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, നൈപുണ്യ വികസനം, ഉപജീവനം, വനാവകാശങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രാദേശിക തലത്തിൽ പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

പാർശ്വവത്കരിക്കപ്പെട്ടവരും ആദിവാസി വിഭാഗങ്ങളിലുമുള്ള യുവാക്കളുടെ സമഗ്ര വികസനത്തിനും പ്രദേശത്തിൻ്റെ പുരോഗതിക്കും സർവകലാശാല വരും വർഷങ്ങളിൽ മികച്ച സംഭാവന നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച രാഷ്ട്രപതി, എല്ലാ സർവകലാശാലകളും, പ്രത്യേകിച്ച് ആദിവാസി സർവകലാശാലകളും, ആദിവാസികളുടെ ഉപജീവനം മെച്ചപ്പെടുത്തുന്ന നൂതന സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

വനവിഭവങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, ചെറുധാന്യങ്ങൾ, ഔഷധസസ്യങ്ങൾ, ഇക്കോ ടൂറിസം, പ്രാദേശിക സംരംഭകത്വം തുടങ്ങിയ മേഖലകളിൽ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന പദ്ധതികൾ സർവകലാശാലകൾ പ്രോത്സാഹിപ്പിക്കണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *