ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിക്ക് പിന്തുണയര്‍പ്പിച്ച് മോഹന്‍ ലാല്‍. നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന് തുടങ്ങുന്ന മോഹന്‍ലാലിന്റെ തന്നെ പ്രശസ്തമായ ഡയലോഗ് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലഹരി വില്‍ക്കുന്നവര്‍ അത് നിര്‍ത്തണമെന്നും കേരള പോലീസ് പുറകെ തന്നെയുണ്ടെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. ഇത്തരക്കാര്‍ക്ക് ഇനി മാപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
‘ഞാന്‍ രണ്ട് വട്ടം നിങ്ങളോട് തിരശ്ശീലയില്‍ പറഞ്ഞിട്ടുണ്ട് നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡര്‍ട്ടി ബിസിനസ്. ആദ്യം സാഗര്‍ ഏലിയാസ് ജാക്കിയായി ഇരുപതാം നൂറ്റാണിടിലും പിന്നീട് സ്റ്റീഫന്‍ നെടുമ്പള്ളിയായി ലൂസിഫറിലും. എന്നാലിപ്പോള്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയായി നിങ്ങളോട് നേരിട്ട് പറയുകയാണ് നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡര്‍ട്ടി ബിസിനസ്. ലഹരി ഉപയോഗിക്കുന്നവരേട് സ്‌നേഹപൂര്‍വ്വം പറയുകയാണ് പ്ലീസ് നിര്‍ത്തിക്കോളൂ. നിങ്ങള്‍ക്ക് വേണ്ടി. നിങ്ങളുടെ കുടുംബത്തിന് വേണ്ടി, ഈ നാടിന് വേണ്ടി.’ അദ്ദേഹം പറഞ്ഞു.





