പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ച കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് മല്ലികാർജുൻ ഖർഗെയുടെ കോലം കത്തിച്ചു. പ്രതിഷേധയോഗം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജനാധിപത്യത്തിൽ രാഷ്ട്രീയ വിയോജിപ്പുകൾക്ക് സ്ഥാനമുണ്ടെങ്കിലും ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവരെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യതയും ഉത്തരവാദിത്തവും പുലർത്തണമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ലോകം ആദരിക്കുന്ന, പകരക്കാരനില്ലാത്ത നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോണിയ ഗാന്ധിയുടെ കുടുംബത്തോടുള്ള വിധേയത്വത്തിന്റെ അടിസ്ഥാനത്തിലാണ് മല്ലികാർജുൻ ഖർഗെയ്ക്ക് കോൺഗ്രസ് ദേശീയ അധ്യക്ഷപദവി ലഭിച്ചതെന്ന വിമർശനവും അവർ ഉന്നയിച്ചു. ഇത്തരത്തിൽ വിധേയത്വ രാഷ്ട്രീയം നടത്തുന്നവർ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ അതിശക്തമായ ഭാഷയിൽ തിരിച്ചടിക്കുമെന്നും അവർ പറഞ്ഞു.
അപമാന രാഷ്ട്രീയത്തിന് ജനാധിപത്യ കേരളം മറുപടി നൽകും. ജനാധിപത്യ മര്യാദകൾ ഉയർത്തിപ്പിടിക്കാനും രാഷ്ട്രീയത്തിലെ ഇരട്ടത്താപ്പുകൾ ചോദ്യം ചെയ്യാനും ജനങ്ങൾ ഒരുമിച്ച് ശബ്ദമുയർത്തണം. മല്ലികാർജുൻ ഖർഗെ പരസ്യമായി മാപ്പ് പറയുന്നതുവരെ പ്രതിഷേധം ശക്തമാക്കുമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സുജയ് സേനൻ, മേഖലാ ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ ഐനിക്കുന്നത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡോ. വി. ആതിര, സബീഷ് മരത്തയൂർ, എൻസിപി ജില്ലാ പ്രസിഡന്റ് ശ്യാം, മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സത്യലക്ഷ്മി ഗിരീഷ്, സെക്രട്ടറി സീന ശശി, ജില്ലാ ജനറൽ സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശീതൾ രാജ്, കൗൺസിലർമാരായ രഘുനാഥ് സി. മേനോൻ, വിനോദ്, കൃഷ്ണമോഹൻ, മണ്ഡലം പ്രസിഡന്റ വിപിൻ കുമാർ, , എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് മനോജ് നെല്ലിക്കാട്, ബിജെപി സിറ്റി ജില്ലാ മീഡിയ കൺവീനർ ദിനേഷ്‌കുമാർ കരിപ്പേരിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.





