Business Culture Economy India Kerala News Politics

തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ ജെമ്മിന്റെ ‘ആഭാർ കളക്ഷൻ 2026’

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സമ്മാനങ്ങളും ഹാംപറുകളും ഉൾപ്പെടുത്തി ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) ‘ആഭാർ കളക്ഷൻ 2026’ പ്രോത്സാഹിപ്പിക്കുന്നു. കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, ഗ്രാമീണ സംരംഭകർ, വനിതാ സംരംഭങ്ങൾ എന്നിവയ്ക്ക് വിപണി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വൺ ഡിസ്ട്രിക്ട് വൺ പ്രൊഡക്ട് (ODOP), ഭൗമസൂചികാ പദവി (GI) എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന ശേഖരത്തിൽ 10 സംസ്ഥാന, കേന്ദ്ര കൈത്തറി-കരകൗശല സ്ഥാപനങ്ങളിൽ നിന്നായി 294 ഉൽപ്പന്ന കാറ്റലോഗുകളുണ്ട്. കൈത്തറി ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയും ശേഖരത്തിലുണ്ട്.

ഏഴ് സർക്കാർ സ്ഥാപനങ്ങൾ കൂടി വിൽപ്പനക്കാരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളുടെ അവസാന ഘട്ടത്തിലാണ്. ഇവ കൂടി ചേരുന്നതോടെ ശേഖരത്തിലെ ഉൽപ്പന്നങ്ങളുടെ വൈവിധ്യം വർധിക്കും.

തദ്ദേശീയ കലകൾക്കും കരകൗശല ഉൽപ്പന്നങ്ങൾക്കും കൂടുതൽ പ്രചാരം നൽകാനും പിന്നാക്ക വിഭാഗങ്ങളിലെ വിൽപ്പനക്കാരെ ശാക്തീകരിക്കാനും പദ്ധതി സഹായിക്കുമെന്ന് ജെം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിഹിർ കുമാർ പറഞ്ഞു.

സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ആഘോഷങ്ങൾക്കുമായി പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങാൻ ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കും. ‘വോക്കൽ ഫോർ ലോക്കൽ’ ആശയത്തിലൂടെ പ്രാദേശിക ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *