India News Politics

ദുര്‍ഗാപൂജയിലെ മാംസാഹാര പരാമര്‍ശം; ബാഗേശ്വര്‍ ബാബയ്‌ക്കെതിരെ ബംഗാള്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് മാംസാഹാരം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബാഗേശ്വര്‍ ധാം മേധാവി പുരോഹിതന്‍ ധീരേന്ദ്ര ശാസ്ത്രിക്കെതിരെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ശാസ്ത്രിയുടെ പരാമര്‍ശങ്ങള്‍ ബംഗാൾ ജനതയുടെ മതവികാരം വ്രണപ്പെടുത്തിയെന്നും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

കൊല്‍ക്കത്തയിലെ ഭവാനിപുര്‍, നിമ്തല പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കാണ് പരാതികള്‍ നല്‍കിയത്. സൗത്ത് കൊല്‍ക്കത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും നോര്‍ത്ത് കൊല്‍ക്കത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുമാണ് പരാതികള്‍ സമര്‍പ്പിച്ചത്.

സെപ്റ്റംബര്‍ അഞ്ചിന് ഹൗറയില്‍ നടന്ന പരിപാടിക്കിടെ ധീരേന്ദ്ര ശാസ്ത്രി ബംഗാളികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കോണ്‍ഗ്രസ് പാർട്ടിക്കാരുടെ ആരോപണം.

സംഭവത്തില്‍ അടിയന്തര ഭരണനടപടി സ്വീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സൗത്ത് കൊല്‍ക്കത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പ്രദീപ് പ്രസാദ് പരാതിയില്‍ ആവശ്യപ്പെട്ടു.

പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ അസ്വാരസ്യവും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നാരോപിച്ച കോണ്‍ഗ്രസ്, വിഷയത്തില്‍ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *