തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ സർക്കാർ റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറിൻ്റെ ഭാഗമായി ₹4.29 നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതിക്ക് പകരം നിലവിൽ യൂണിറ്റിന് ₹10 മുതൽ ₹14 വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. മഴയുടെ അഭാവം മൂലം ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളം മാത്രമാണ് നിലവിലുള്ളത്. പ്രതിദിന വൈദ്യുതി ഉപഭോഗം 4,800 മുതൽ 4,900 മെഗാവാട്ട് വരെയായി ഉയർന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് അമിതഭാരം ഏൽപ്പിക്കാതെ തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ സമയക്രമം കൃത്യമായി ജനങ്ങളെ അറിയിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി നൽകാനുണ്ടായിരുന്ന ഏകദേശം ₹15 കോടി കുടിശ്ശിക പൂർണമായും അനുവദിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദുരിതബാധിതരുടെ പ്രശ്‌നങ്ങൾക്ക് സർക്കാർ വലിയ മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ ദേവസ്വം ബോർഡും വിവിധ വകുപ്പുകളും സംയുക്തമായി നടത്തും. കുടുംബശ്രീയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ സർക്കാർ 787 പേരെ നിയമിച്ചപ്പോൾ നിലവിലെ സർക്കാർ ഇതുവരെ 476 പേരെയാണ് നിയമിച്ചിട്ടുള്ളത്. എല്ലാ മന്ത്രിമാരും ചീഫ് വിപ്പും 25ൽ താഴെ സ്റ്റാഫുകളെയാണ് നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ അതിവേഗ റെയിൽപാതാ പദ്ധതിയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇതുസംബന്ധിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പൂർണമാകാത്തതിനാലാണ് തീരുമാനമെടുക്കാത്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പോലീസ് മേധാവിക്ക് കൈമാറിയ കേസുകളിൽ കൃത്യമായ നിയമപരിശോധന നടത്തിയ ശേഷമേ തുടർനടപടി സ്വീകരിക്കൂ. ലഭിച്ച തെളിവുകൾ പരിശോധിച്ച ശേഷമായിരിക്കും നിയമനടപടികളിലേക്ക് കടക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





