തിരുവനന്തപുരം: പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി പ്രത്യേക റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കും. സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക.
ബജറ്റ് പ്രഖ്യാപനങ്ങൾ വിവിധ കാരണങ്ങളാൽ നടപ്പാകാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പദ്ധതികളുടെ നിർവഹണത്തിൽ ജനങ്ങൾക്ക് വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
40ലധികം വകുപ്പുകൾക്കായി ബജറ്റിൽ 73 പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 63 പദ്ധതികൾ ഒന്നിലധികം വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ടവയാണ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കാൻ പദ്ധതികളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ചർച്ചകൾ നടത്തുക.
നിലവിൽ ആറ് ക്ലസ്റ്ററുകളിലായി 34 പദ്ധതികളാണ് കോൺഫറൻസിൽ ചർച്ച ചെയ്യുന്നത്. പദ്ധതികളുടെ ആസൂത്രണം, നിർവഹണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും. ഓരോ പദ്ധതിക്കും വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കും.
പദ്ധതികളുടെ വ്യാപ്തി, തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തിക മാതൃക, നിർവഹണ രീതി, സമയപരിധി എന്നിവയും സമ്മേളനത്തിൽ തീരുമാനിക്കും. നയവിദഗ്ധർ, അക്കാദമിക്-ഗവേഷണ സ്ഥാപനങ്ങൾ, വികസന പങ്കാളികൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നിക്ഷേപകർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ ചർച്ചകളിൽ പങ്കെടുക്കും.
ഓരോ പദ്ധതിയും പൂർത്തിയാക്കേണ്ട സമയപരിധിയും വിവിധ വകുപ്പുകളുടെ ചുമതലകളും കൃത്യമായി നിർവചിച്ച് പദ്ധതി നിർവഹണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.




