അരുണ്‍ ലാല്‍ സംവിധാനം ചെയ്ത ‘കൂഹൂ–ആൻ: അന്തോളജി ഓൺ റെയിൽസ്’ ഇന്ത്യൻ റെയിൽവേയുടെ ജീവിതാനുഭവങ്ങളെ നൂതനമായ നാടകഭാഷയിൽ പകർത്തുന്ന ശക്തമായ സൃഷ്ടിയാണെന്ന് മോഡറേറ്റർ ശ്രീജിത്ത് രമണൻ അഭിപ്രായപ്പെട്ടു. നാടകത്തെക്കുറിച്ചുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പ്രദായിക നാടക രചനാശൈലി വിട്ട്, പുതുമയാർന്ന ഘടനയാണ് കൂഹൂ–ആൻ സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീജിത്ത് രമണൻ പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്ന സംഘത്തിന്റെ കലാത്മക ഐക്യവും അനുഭവസമ്പത്തുമാണ് ഈ നാടകത്തിന്റെ അടിത്തറയെന്ന് സംവിധായകൻ അരുണ്‍ ലാൽ വ്യക്തമാക്കി. ഏത് വേദിയിലും ഒരുപോലെ സംവദിക്കാൻ കഴിയുന്ന ലളിതവും സജീവവുമായ ഭാഷയാണ് നാടകത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടകത്തിലെ മിനിമലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഉപയോഗിച്ചിരിക്കുന്ന തകരപ്പെട്ടികളെ അരുണ്‍ ലാൽ വിശേഷിപ്പിച്ചു. കുട്ടിക്കാലത്തെ ട്രെയിൻ കളികളിലെ ശബ്ദങ്ങളാണ് ഇതിന്റെ ആശയാധാരം. ഒരു ശ്രുതിപ്പെട്ടിയുടെ മൂളലിൽ നിന്ന് ആരംഭിച്ച് ശബ്ദങ്ങളുടെ ഘോഷയാത്രയായി നാടകം പരിണമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങളേക്കാൾ ശബ്ദസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇവിടെ റെയിൽ ജീവിതം ആവിഷ്‌കരിച്ചിരിക്കുന്നത്.
അഭിനേതാക്കളായ അഖിൽ, അബ്ദുൽ മജീദ്, ഗാഥ, അനീഷ്, അനന്തു എന്നിവരുടെ ശാരീരിക അധ്വാനവും സൂക്ഷ്മമായ ജാഗ്രതയുമാണ് നാടകത്തിന്റെ നട്ടെല്ല്. സമകാലിക ഇന്ത്യയിലെ രാഷ്ട്രീയം, നീതി, സമാധാനം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ചർച്ച ചെയ്യുന്ന ‘കൂഹൂ’, വിദേശ നാടകങ്ങളോട് കിടപിടിക്കാവുന്ന മൗലികത പുലർത്തുന്നുണ്ടെന്ന് സംവാദത്തിൽ പങ്കെടുത്ത പ്രേക്ഷകർ അഭിപ്രായപ്പെട്ടു.
ഗാന്ധി മുതൽ പ്രകാശ് രാജ് വരെയുള്ള ബിംബങ്ങളും സത്യജിത് റേയുടെ *‘പഥേർ പാഞ്ചാലി’*യുടെ ദൃശ്യസ്മരണകളും നാടകത്തിൽ അന്തർലീനമാണെന്നും, “മഹാത്മാഗാന്ധി അവശേഷിപ്പിച്ചു പോയ നീതിയുടെ പക്ഷം ഈ നാടകത്തിലുണ്ട്” എന്നും കാണികൾ നിരീക്ഷിച്ചു.
മലയാള നാടകവേദിക്ക് അനുകരണീയമായ ഒരു അതിജീവന മാതൃക കൂടിയാണ് ലിറ്റിൽ എർത്ത് തിയറ്റർ സ്കൂൾ. നാടകത്തിന്റെ അണിയറപ്രവർത്തകരായ അബ്ദുൽ മജീദ്, അനന്തു, അനീഷ്, ഗാഥ, അഖിൽ എന്നിവരും സംവാദത്തിൽ പങ്കെടുത്തു.





