Court Kerala News

ഉപഭോക്തൃവിധി, നഷ്ടം നല്കിയില്ല,ബി. എസ്.എൻ. എൽ ജനറൽ മാനേജർക്ക് വാറണ്ട്.

ഉപഭോക്തൃവിധിപ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. പൂപ്പത്തി സ്വദേശി എളംതോളി വീട്ടിൽ ഇ.ടി.മാർട്ടിൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ബി.എസ്.എൻ.എൽ ജനറൽ മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവായത്. ഫോണിൽ ഇൻകമിംഗ് കോളുകൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടപരിഹാരമായി 5000 രൂപയും ചിലവിലേക്ക് 1500 രൂപയും നൽകുവാൻ നേരത്തെ ഉപഭോക്തൃകോടതിയിൽനിന്ന് വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പാലിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.എന്നാൽ വിധി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് ഉപഭോക്തൃനിയമപ്രകാരം ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് മാർട്ടിൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി. സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ബി.എസ്.എൻ.എൽ ജനറൽ മാനേജരെ പോലീസ് മുഖേനെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *