Kerala News

കരുതലും കൈത്താങ്ങും : വർക്കല താലൂക്ക് അദാലത്തിൽ തീർപ്പാക്കിയത് 439 അപേക്ഷകൾ : തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് ഇന്ന് (ഡിസംബർ 17) സമാപനം

കാട്ടാക്കട താലൂക്ക് അദാലത്ത് ക്രിസ്ത്യൻ കോളേജിൽ

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വർക്കല താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 533 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 439 അപേക്ഷകൾ തീർപ്പാക്കി. 23 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. എസ്.എൻ കോളേജിലെ അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ 526 അപേക്ഷകളാണ് പുതിയതായി ലഭിച്ചത്.

തിരുവനന്തപുരം താലൂക്ക് അദാലത്തുകൾ സമാപിക്കുന്നു

തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ ഇന്ന് (ഡിസംബർ 17) സമാപിക്കും. കാട്ടാക്കട താലൂക്കിലാണ് ജില്ലയിലെ അവസാന അദാലത്ത് നടക്കുന്നത്. ചൊവ്വാഴ്ച കാട്ടാക്കട ക്രിസ്ത്യൻ കോളേജാണ് കാട്ടാക്കട താലൂക്കിലെ അദാലത്തിന് വേദിയാകുന്നത്. രാവിലെ 10ന് ജി.സ്റ്റീഫൻ എം.എൽ.എയുടെ അധ്യക്ഷതയിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അദാലത്ത് ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മുഖ്യസാന്നിധ്യം ആയിരിക്കും.

എം.പിമാരായ അടൂർ പ്രകാശ്, ശശി തരൂർ, എം.എൽ.എമാരായ ഐ.ബി സതീഷ്, സി.കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ.എസ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപിള്ള, കാട്ടാക്കട താലൂക്കിന് കീഴിലുള്ള വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ജില്ലാ കളക്ടർ അനുകുമാരി, ഡെപ്യൂട്ടി കളക്ടർ ഷീജ ബീഗം .യു എന്നിവരും പങ്കെടുക്കും.  

കാട്ടക്കട താലൂക്ക് അദാലത്തിൽ തിങ്കളാഴ്ച (ഡിസംബർ 16 വൈകിട്ട് 4 വരെ) വരെ 405 അപേക്ഷകളാണ് ലഭിച്ചത്.  ഡിസംബർ 9നാണ് ജില്ലയിൽ താലൂക്ക് തല അദാലത്തുകൾ ആരംഭിച്ചത്. തിരുവനന്തപുരം താലൂക്കിലായിരുന്നു ആദ്യ അദാലത്ത് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *