Kerala News

സംസ്ഥാന വനിതാ വികസന കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി

  •  ഈ സാമ്പത്തിക വർഷം 75,000 വനിതകൾക്ക് തൊഴിലവസരങ്ങൾ
  •  ആകെ സർക്കാർ ഗ്യാരന്റി 1295.56 കോടി രൂപയായി

സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി അനുവദിക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാനിച്ചത് ധാരാളം വനിതകൾക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്. ഇപ്പോൾ ലഭ്യമായിരിക്കുന്ന അധിക ഗ്യാരന്റി കൂടി പ്രയോജനപ്പെടുത്തി നടപ്പ് സാമ്പത്തിക വർഷത്തിൽ 375 കോടി രൂപയുടെ വായ്പാ വിതരണം ചെയ്യുന്നതിനാണ് വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യം വയ്ക്കുന്നത്. ഇതിലൂടെ ഈ സാമ്പത്തിക വർഷം 75,000 വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനാകും. മാത്രമല്ല ന്യൂനപക്ഷ വിഭാഗത്തിന് 175 കോടി രൂപ വായ്പാവിതരണം നടത്തുന്നതിലൂടെ 34,000 വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകാനുമാകും. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാളും 6000 ഓളം സ്ത്രീകൾക്ക് അധികമായി മിതമായ നിരക്കിൽ സ്വയം തൊഴിൽ വായ്പ ലഭ്യമാക്കാൻ ഇത് മുഖേന സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ദേശീയ ധനകാര്യ കോർപ്പറേഷനുകളിൽ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് സ്ഥാപനത്തിനുണ്ടായിരുന്നത്. എന്നാൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 980.56 കോടി രൂപയുടെ അധിക ഗ്യാരന്റിയാണ് കോർപ്പറേഷന് അനുവദിച്ചു നൽകിയത്. ഇപ്പോൾ 175 കോടിയുടെ സർക്കാർ ഗ്യാരന്റി കൂടി നൽകിയതോടെ ആകെ 1295.56 കോടി രൂപയുടെ ഗ്യാരന്റിയാണ് കോർപറേഷനുള്ളത്. ഇത് കോർപ്പറേഷന്റെ പ്രവർത്തന മേഖലയിൽ നിർണായക മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും.

2023-24 സാമ്പത്തിക വർഷത്തിൽ 36,105 വനിതകൾക്ക് 340 കോടി രൂപ സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് വിതരണം ചെയ്തു. സർക്കാരിൽ നിന്നും ലഭ്യമായ അധിക ഗ്യാരന്റി പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വനിതകൾക്ക് നാളിതുവരെ 1,12,000 ഓളം വരുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സംസ്ഥാന വനിതാ വികസന കോർപ്പറേഷന് സാധിച്ചു. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ 22,580 വനിതകൾക്ക് 170 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ മുപ്പത് വർഷങ്ങളായി കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻ നിർത്തി പ്രവർത്തിച്ചു വരുന്ന കേരള സംസ്ഥാന വനിതാ വികസന കോർറേഷൻ വിവിധ ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെയും സംസ്ഥാന സർക്കാരിന്റെയും സ്വയം തൊഴിൽ വായ്പാ ചാനലൈസിംഗ് ഏജൻസിയാണ്. സംസ്ഥാന സർക്കാരിന്റെയും ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെയും സഹായത്തോടെ വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്ക് ലളിതമായ വ്യവസ്ഥകളിൽ കുറഞ്ഞ പലിശയ്ക്ക് സ്വയം സംരംഭക വായ്പകൾ കാലങ്ങളായി സ്ഥാപനം നൽകി വരുന്നു.

സർക്കാരിന്റെ പദ്ധതി നടത്തിപ്പിലൂടെയും വായ്പാ വിതരണത്തിലൂടെയും ഈ സർക്കാർ ഭരണത്തിൽ വന്നശേഷം 10 ലക്ഷത്തോളം വനിതകൾക്ക് വിവിധ രീതിയിലുള്ള സേവനമെത്തിക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനും സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണിത്.

Leave a Reply

Your email address will not be published. Required fields are marked *