ഇറ്റ്ഫോക്ക് വേദിയെ വിസ്മയിപ്പിച്ച അർമേനിയൻ നാടകം ‘ഡംപ്ലിങ്ങ്’ അരങ്ങൊഴിഞ്ഞതിന് പിന്നാലെ, കലാകാരന്മാരും പ്രേക്ഷകരും പങ്കെടുത്ത സംവാദം ഫാവോസിൽ ഗൗരവമേറിയ രാഷ്ട്രീയചിന്തകളിലേക്കാണ് വഴിമാറിയത്. സംവിധായിക നറൈൻ ഗ്രിഗോറിയൻ, സിനോഗ്രാഫറും കോസ്റ്റ്യൂം ഡിസൈനറുമായ വിക്ടോറിയ റെയ്‌ഡോ, അഭിനേതാക്കളായ വർഷം ഗെവോർഗ്യൻ, തതേവ് ഗസാര്യൻ, നരേക് ബാഗ്ദാസര്യൻ, അല്ല സഹക്യാൻ എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് നടൻ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ നേതൃത്വം നൽകി.
നാടകത്തിൽ അതിഭാവുകത്വത്തിന് പകരം സത്യസന്ധവും ആക്ഷേപഹാസ്യപരവുമായ ശാരീരിക ഭാഷയാണ് ഉപയോഗിച്ചതെന്ന് മോഡറേറ്റർ നിരീക്ഷിച്ചു. ഈ ശൈലി തന്നെ കാപട്യത്തിനെതിരെയുള്ള മൂർച്ചയുള്ള വിമർശനമായി മാറിയതായും അദ്ദേഹം പറഞ്ഞു.
രാജ്യസ്നേഹം എവിടെയാണ് അവസാനിക്കുന്നത്, വ്യക്തിതാൽപ്പര്യം എവിടെയാണ് ആരംഭിക്കുന്നത് എന്ന ചോദ്യമാണ് ‘ഡംപ്ലിങ്ങ്’ ഉന്നയിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. നാടകത്തിലെ ഓരോ ചലനവും ദൃശ്യവും കൂട്ടായ അന്വേഷണങ്ങളിൽ നിന്നും ഇംപ്രൊവൈസേഷനുകളിൽ നിന്നുമാണ് രൂപപ്പെട്ടത്. ഈ കൂട്ടായ്മയും ഐക്യവുമാണ് നാടകത്തിന്റെ ഏറ്റവും വലിയ കരുത്ത്.
അടഞ്ഞ ഇടങ്ങളുടെ സങ്കൽപത്തെക്കുറിച്ച് സിനോഗ്രാഫർ വിക്ടോറിയ റെയ്‌ഡോ വിശദീകരിച്ചു. നഗരവും ഹോട്ടലും രക്ഷപ്പെടാൻ കഴിയാത്ത ഇടങ്ങളായാണ് വേദിയിൽ രൂപകൽപ്പന ചെയ്തത്. ഇത്തരത്തിലുള്ള പരിമിതമായ ഇടങ്ങളിൽ മനുഷ്യവികാരങ്ങൾ കൂടുതൽ തീവ്രമാകുമെന്നും, തിന്മ കൂടുതൽ ക്രൂരവും നന്മ കൂടുതൽ ദുര്‍ബലവുമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. നിറങ്ങളുടെ അഭാവം ദൃശ്യങ്ങളിൽ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകതയായിരുന്നു.
‘വർഷം’ എന്നത് മഴയെയാണ് സൂചിപ്പിക്കുന്നതെന്നും, ആ പേരുമായി ഇന്ത്യയിലെത്താനായത് സന്തോഷകരമാണെന്നും വർഷം ഗെവോർഗ്യൻ പറഞ്ഞു. ഇന്ത്യയും അർമേനിയയും പുരാതന സംസ്‌കാരങ്ങൾ പങ്കുവെക്കുന്ന ദേശങ്ങളാണെന്നും അദ്ദേഹം നിരീക്ഷിച്ചു. നാടകം കഴിഞ്ഞ് കടയിൽ പോയപ്പോഴും പലരും വന്ന് അഭിനന്ദിച്ച അനുഭവം അഭിനേതാവ് നരേക് ബാഗ്ദാസര്യൻ പങ്കുവെച്ചു.
കാപട്യത്തിന്റെ പൊയ്മുഖങ്ങൾ അഴിച്ചുമാറ്റിയ ‘ഡംപ്ലിങ്ങ്’, പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചർച്ചകളിലേക്ക് നയിക്കുകയും ചെയ്യുന്ന ശക്തമായ രാഷ്ട്രീയ നാടകാനുഭവമായി ഇറ്റ്ഫോക്കിൽ അടയാളപ്പെട്ടു.





