India Kerala News Politics

ബാലവേല; 29 കുട്ടികളെ രക്ഷപ്പെടുത്തി മുഖ്യമന്ത്രി ഡികെ ശിവകുമാർ, കടയുടമകൾക്കെതിരെ കേസ്

ബെംഗളൂരു: യശ്വന്ത്പൂരിലെ എപിഎംസി മാർക്കറ്റിൽ ബാലവേല കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടിക്ക് നിർദ്ദേശം നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബാലവേലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയ അദ്ദേഹം, അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

എപിഎംസി മാർക്കറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ശിവകുമാർ ചില കടകളിൽ കുട്ടികളെ ജോലിക്ക് നിയോഗിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. സന്ദർശനത്തിനിടെ കർഷകരുമായും തൊഴിലാളികളുമായും വ്യാപാരികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി പരാതികൾ കേട്ടു. ഇതിനിടെയാണ് മാർക്കറ്റിലെ ചില കടകളിൽ ബാലവേല നടക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടികൾ ജോലി ചെയ്യുന്നതായി കണ്ടെത്തിയതോടെ വൈകുന്നേരത്തിനുള്ളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. നടപടി വൈകിയാൽ ഡിസിപി, എസിപി, ഡിഎസ്പി, സിഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തുടർന്ന് ബെംഗളൂരു നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ബി.എസ്. നേമഗൗഡയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് മാർക്കറ്റിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ബാലവേല ചെയ്തിരുന്ന 19 കുട്ടികളെ കണ്ടെത്തി.

രക്ഷപ്പെടുത്തിയ കുട്ടികളിൽ 13 പേർ ബിഹാർ സ്വദേശികളാണ്. ബീഹാറിൽ നിന്നുള്ള 12 ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ജോലി ചെയ്തിരുന്നത്. രണ്ട് കുട്ടികൾ പശ്ചിമ ബംഗാൾ സ്വദേശികളും രണ്ട് പേർ ഉത്തർപ്രദേശ് സ്വദേശികളുമാണ്.

രാജസ്ഥാൻ, കർണാടക സ്വദേശികളായ ഓരോ കുട്ടികളെയും കണ്ടെത്തി. ഇതിന് പുറമെ മാർക്കറ്റിന് സമീപത്തെ വഴിയോരങ്ങളിൽ ജോലി ചെയ്തിരുന്ന 10 കുട്ടികളെയും പൊലീസ് സംഘം രക്ഷപ്പെടുത്തി. ഇവരെയെല്ലാം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് ആർഎംസി യാർഡ് പൊലീസ് സ്റ്റേഷനിൽ നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. ബാലവേലക്കായി കുട്ടികളെ നിയോഗിച്ച കടയുടമകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ പരിശോധനകളും അന്വേഷണവും തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *