തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ആരംഭിച്ച് 100 ദിവസം പൂർത്തിയാകുമ്പോൾ കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബലാത്സംഗം, ഗുരുതരമായ പോക്‌സോ കേസുകൾ എന്നിവയും കുറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലും പിടിച്ചെടുക്കലുകളിലും ഗണ്യമായ വർധനവാണെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ്റെ 100 ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രി കണക്കുകൾ വ്യക്തമാക്കിയത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 13,631ൽ നിന്ന് ഈ വർഷം 13,371 ആയി കുറഞ്ഞു. 1.9 ശതമാനമാണ് കുറവ്.
ബലാത്സംഗ കേസുകൾ 740ൽ നിന്ന് 593 ആയി കുറഞ്ഞു, 19.9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഗുരുതരമായ പോക്‌സോ കേസുകൾ 595ൽ നിന്ന് 514 ആയി കുറഞ്ഞു, 13.6 ശതമാനമാണ് ഇടിവ്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും ലഹരിക്കെതിരായ നടപടികൾ ശക്തമാക്കുന്നതിനുമുള്ള സർക്കാരിൻ്റെ ഇടപെടലുകളുടെ ഫലമാണ് കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.





