ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിൽ നിലവിലുള്ള എൽനിനോ പ്രതിഭാസം സമാനതകളില്ലാത്ത തീവ്രതയിലെത്താൻ സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പുറത്തിറക്കിയ പുതിയ കാലാവസ്ഥാ പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള കാലയളവിൽ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില ശരാശരിയേക്കാൾ 3.8 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് സംഘടന വിലയിരുത്തി. ഇത് എൽനിനോ പ്രതിഭാസത്തിന്റെ തീവ്രതയിൽ അസാധാരണമായ വർധനവിന് ഇടയാക്കാമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.
മധ്യ, കിഴക്കൻ ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ ഉയരുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. ആഗോളതലത്തിൽ മഴയുടെ വിതരണം, താപനില, തീവ്ര കാലാവസ്ഥാ സംഭവങ്ങൾ എന്നിവയെ ഇത് സ്വാധീനിച്ചേക്കാം.
പസഫിക് സമുദ്രത്തിലെ നിർദിഷ്ട മേഖലയിൽ സമുദ്രോപരിതല താപനില ദീർഘകാല ശരാശരിയേക്കാൾ കുറഞ്ഞത് 0.5 ഡിഗ്രി സെൽഷ്യസ് ഉയരുകയും അന്തരീക്ഷത്തിലെ അനുബന്ധ മാറ്റങ്ങൾ പ്രകടമാവുകയും ചെയ്യുമ്പോഴാണ് സാധാരണയായി എൽനിനോ സാഹചര്യം സ്ഥിരീകരിക്കുന്നത്.
നിലവിലെ പ്രതിഭാസത്തിന്റെ തീവ്രത ആഗോള കാലാവസ്ഥാ രീതികളിൽ വരും മാസങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്കിടയാക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ വിവിധ മേഖലകളിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും റിപ്പോർട്ട് ചൂണ്ടികാട്ടുന്നു .





