ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് തമിഴ്‌നാട്ടിൽ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. അടുത്ത രണ്ട് ദിവസവും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച ആരംഭിച്ച ശക്തമായ മഴ രാത്രി മുഴുവൻ തുടർന്നു. ചെന്നൈയിൽ എംജിആർ നഗറിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് — 15 സെന്റിമീറ്റർ. നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള നിരവധി മേഖലകളിൽ 10 മുതൽ 15 സെന്റിമീറ്റർ വരെ മഴയാണ് ലഭിച്ചത്.
കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ചയും ഇടവിട്ടുള്ള മഴ ഉണ്ടായിരുന്നു.
മഴയുടെ പശ്ചാത്തലത്തിൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളിലെ സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.





