ഊട്ടി: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കോട്ടഗിരി മേഖലയിലും സമീപ പ്രദേശങ്ങളിലും കറുത്ത ഈച്ചകളുടെ (ബ്ലാക്ക് ഫ്ലൈസ്) വന്‍കൂട്ടം പ്രത്യക്ഷപ്പെട്ടത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കി. രോഗവ്യാപനത്തിന് സാധ്യതയുണ്ടോയെന്ന ഭയവും പ്രദേശവാസികള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
കോട്ടഗിരി–മേട്ടുപ്പാളയം ഘട്ട് റോഡിനോട് ചേര്‍ന്നുള്ള അരവേണു, കോട്ടക്കൊമ്പൈ, കുഞ്ഞപ്പനായ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി ലക്ഷക്കണക്കിന് ചെറിയ കറുത്ത ഈച്ചകൾ വ്യാപകമായി കണ്ടുവരുന്നത്.
വീടുകള്‍, ഹോട്ടലുകള്‍, മതിലുകള്‍, വീട്ടുപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവിടങ്ങളിലേക്കും ഈ പ്രാണികള്‍ കൂട്ടത്തോടെ കയറിക്കൂടിയതായി പ്രദേശവാസികള്‍ പറയുന്നു. അപ്രതീക്ഷിതമായ ഈ പ്രാണിശല്യം എങ്ങനെ നേരിടണമെന്ന് അറിയാതെ ആശങ്കയിലാണ് നാട്ടുകാര്‍. സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.





