Kerala News

എരുമപ്പെട്ടിയിൽ മാതൃക നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഉത്സവം വെള്ളിയാഴ്ച നടന്നു

തൃശ്ശൂർ: സംസ്ഥാന മണ്ണു പര്യവേക്ഷണ-സംരക്ഷണ വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ല സോയിൽ സർവേയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കെരവൻവൻകുഴി ബാബുവിന്റെ കൃഷിയിടത്ത് നടത്തിയ മാതൃക നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഉത്സവവും കാർഷിക സെമിനാറും നടന്നു.

40 സെന്റ് സ്ഥലത്ത് 400 നേന്ത്രവാഴകളാണ് സർവേ വിഭാഗം ശാസ്ത്രീയമായി നടത്തിയ മണ്ണ് പരിശോധനാഫലത്തെ അടിസ്ഥാനമാക്കി ശുപാർശ ചെയ്ത രാസ-ജൈവവള പ്രയോഗം കൊണ്ട് വളർത്തിയത്. സമാന്തരമായി, മറ്റൊരു 40 സെന്റിൽ കർഷകൻ തന്നെ പതിവായി നടത്തുന്ന വളപ്രയോഗ രീതിയിലും കൃഷി നടത്തി. ഇതിലൂടെ ശാസ്ത്രീയ രീതിയിൽ നടത്തിയ കൃഷിയും പരമ്പരാഗത രീതിയും തമ്മിലുള്ള താരതമ്യ പഠനവും നടന്നു.

മണ്ണിന്റെ യഥാർത്ഥ പോഷക നില തിരിച്ചറിഞ്ഞുള്ള കൃത്യമായ വളപ്രയോഗം വിളകളുടെ ഉൽപാദനവും ഗുണമേന്മയും വർദ്ധിപ്പിക്കുമെന്നും, മണ്ണിന്റെയും ജലത്തിന്റെയും പരിസ്ഥിതിയുടെയും ആരോഗ്യം കാത്തുസൂക്ഷിക്കാനാകുമെന്നും, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബസന്ത് ലാൽ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.

സോയിൽ സർവേയുടെ ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ ദീപ സി.ബി. കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തു. “വാഴകൃഷിയുടെ ശാസ്ത്രീയ സമീപനം” എന്ന വിഷയത്തിൽ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഗവാസ് രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മാതൃകാ നേന്ത്രവാഴ കർഷകൻ കെ ബാബു , ഹൈടെക് വാഴ കർഷകൻ രാജനാരായണൻ , മുൻ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സി വി രമേഷ് കുമാറും കർഷകരുമായി കൃഷി അനുഭവം പങ്കിട്ടു .

പരിപാടിയിൽ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം കെ ജോസ് , സ്വപ്ന പ്രദീപ് , മാഗി അലോഷ്യസ് , ഐജു എം.സി. തുടങ്ങിയവർ പങ്കെടുത്തു. തൃശ്ശൂർ ജില്ല സോയിൽ സർവ്വേ ഓഫീസർ എം എ സുധീർ ബാബു സ്വാഗതം പറഞ്ഞു .തൃശ്ശൂർ സോയിൽ സർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ധന്യ എൻ എം പദ്ധതി വിശദീകരണം നടത്തി. തൃശ്ശൂരിലെ സോയിൽ സർവ്വേ ഓഫീസർ ഹൃദ്യ കെ.എസ്. നന്ദിയും രേഖപ്പെടുത്തി. മാതൃക വാഴകൃഷി പ്രോജക്റ്റിന്റെ ഫീൽഡ് തല പ്രവർത്തനങ്ങൾക്ക് സോയിൽ സർവ്വേ ഓഫീസർമാരുടെ കൂടെ ഫീൽഡ് തല ജീവനക്കാരായ സതീശൻ സി എ, പ്രിന്റോസി ഫ്രാൻസിസ്, ഗീവർ കൊള്ളന്നൂർ, എന്നിവരും പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *