തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ടാഗ് ലൈന്‍ വീഡിയോ പ്രകാശനം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സമ്മതിദാന അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്ന വി.ഐ.പി ടാഗ് ലൈന്‍ സംസ്ഥാന വ്യാപകമായി അവതരിപ്പിക്കുന്നതിന് പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, ‘വോട്ട് ചെയ്യൂ വി.ഐ.പി ആകൂ’ എന്ന ആശയമാണ് വി.ഐ.പി മുന്നോട്ടു വെയ്ക്കുന്നത്.
പൊതുജനങ്ങളെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ മുന്നോട്ട് എത്തിക്കുകയാണ് വി.ഐ.പി ക്യാമ്പയിനിന്റെ ലക്ഷ്യം. പൊതുവെ സമൂഹത്തില്‍ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന പ്രധാനപ്പെട്ട ഒരു വിഭാഗം ജനങ്ങള്‍ എന്ന അര്‍ഥത്തെ മാറ്റിയെഴുതുക കൂടിയാണ് വി.ഐ.പി ക്യാമ്പയിന്‍. വോട്ട് ചെയ്യാന്‍ അധികാരമുള്ള ഓരോ പൗരനുമാണ് യഥാര്‍ഥത്തില്‍ വി.ഐ.പിയെന്നും ജനാധിപത്യ പ്രക്രിയയില്‍ ഓരോ സമ്മതിദായകരും വഹിക്കുന്ന കര്‍ത്തവ്യം എത്രത്തോളമാണെന്ന ആശയമാണ് ക്യാമ്പയിന്‍ മുന്നോട്ടു വെയ്ക്കുന്നത്. വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ 18 വയസ് തികഞ്ഞവര്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവര്‍ വി.ഐ.പി.കളാകുന്ന സന്ദേശമാണ് ജില്ലയില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുഖമുദ്ര.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കിലയില്‍ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ അധ്യക്ഷനായി. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ നടക്കുന്ന പരിശീലനത്തില്‍ 32 പേരാണ് പങ്കെടുക്കുന്നത്. ഐ ഐ ഐ ഡി ഇ എം നാഷണല്‍ ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേരള അഡീഷണല്‍ സി ഇ ഒ മാരായ പ്രേംകുമാര്‍, അദില അബ്ദുള്ള, അഡീഷണല്‍ സി ഇ ഒ ട്രെയിനി സി ശര്‍മിള, അസിസ്റ്റന്റ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എം ശ്രീനിവാസ്, ഉപവരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.