ന്യൂഡല്‍ഹി: ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കരാറിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫോണില്‍ സംസാരിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വിവിധ മേഖലകളില്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. വ്യാപാരം, നിര്‍ണായക സാങ്കേതിക വിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ദ്വിപക്ഷീയ സഹകരണം ശക്തിപ്പെടുത്തിയതില്‍ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചതായാണ് പ്രസ്താവനയില്‍ പറയുന്നത്. ദ്വിപക്ഷീയ വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളില്‍ ഊര്‍ജസ്വലത നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു. വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും പൊതുതാല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി പ്രവര്‍ത്തിക്കാന്‍ ഇരുനേതാക്കളും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു.
21-ാം നൂറ്റാണ്ടിലെ ഇന്ത്യ-യുഎസ് കോംപാക്റ്റ് (ഇന്ത്യ-യുഎസ് കോംപാക്റ്റ് – സൈനിക പങ്കാളിത്തം, വേഗതയേറിയ വാണിജ്യം, സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍) നടപ്പാക്കുന്നതില്‍ കേന്ദ്രീകൃതമായ നിര്‍ണായക സാങ്കേതികവിദ്യകള്‍, ഊര്‍ജം, പ്രതിരോധം, സുരക്ഷ, മറ്റ് മുന്‍ഗണനാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നിവയിലും ഇരുരാജ്യങ്ങളും ആശയങ്ങള്‍ കൈമാറിയിട്ടുണ്ട്.





