Kerala

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ പരിഹാരം; പിണ്ടിമന സ്വദേശിക്ക് പട്ടയം അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് കേരള ലാൻഡ് ട്രിബ്യൂണൽ

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിലൂടെ പിണ്ടിമന പഞ്ചായത്തിൽ ചിറ്റേത്തുകുടി വീട്ടിൽ ബീവി മൊയ്തീൻ്റെ 50 വർഷത്തെ കാത്തിരിപ്പിന് ആശ്വാസം. കമ്മീഷൻ ഇടപെട്ടതിനെ തുടർന്ന് ബീവി മൊയ്തീൻ്റെ പട്ടയം അനുവദിക്കണമെന്ന അപേക്ഷ സ്വീകരിച്ച് കേരള ലാൻഡ് ട്രിബ്യൂണൽ. ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ റഷീദാണ് ഹർജികൾ പരിഗണിച്ചത്.

പിണ്ടിമന വില്ലേജിൽ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന തനിക്ക് നാളിതുവരെയായിട്ടും കിടക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തതിനാൽ വീട് പുതുക്കിപ്പണിയാൻ സാധിക്കുന്നില്ല എന്ന പരാതിയുമായാണ് ബീവി മൊയ്തീൻ കമ്മീഷനെ സമീപിച്ചത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ട ആറംഗ കുടുംബം വർഷങ്ങളായി ഇടിഞ്ഞു വീഴാറായ വീട്ടിലാണ് താമസം.

വില്ലേജ്, താലൂക്ക് ഓഫീസുകളിൽ പട്ടയത്തിനായി പലതവണ അപേക്ഷ സമർപ്പിച്ചു എങ്കിലും അപേക്ഷാവസ്തു റോഡ് പുറമ്പോക്ക് ആയതിനാൽ അപേക്ഷ പരിഗണിക്കുവാൻ സാധ്യമല്ലെന്ന് മറുപടി നൽകുകയായിരുന്നു. തുടർന്നാണ് കമ്മീഷനിൽ പരാതി സമർപ്പിക്കുന്നത്.

കമ്മീഷൻ ജില്ലാ കളക്ടറോടും തഹസിൽദാരോടും റിപ്പോർട്ട് ആവശ്യപ്പെടുകയും ബി ടി ആർ പ്രകാരം പതിവായുള്ള ഭൂമിക്ക് പതിവ് നടപടികൾ സ്വീകരിക്കുവാൻ സാധ്യമല്ല എന്ന് കമ്മീഷനെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് പട്ടയത്തിനുള്ള അപേക്ഷ സ്വീകരിക്കാൻ ലാൻഡ് ട്രിബ്യൂണലിന് നിർദ്ദേശം നൽകിയത്.

നെട്ടൂർ ഫൗസിയ മൻസിലിൽ അബ്ദുൽ അസീസിന്റെ പരാതിയിലും സിറ്റിംഗിൽ പരിഹാരമായി. കേരള വാട്ടർ അതോറിറ്റി നെട്ടൂർ പി എച്ച് ഡിവിഷനിൽ നിന്നും 2003 മാർച്ച് മാസത്തിൽ സർവീസിൽ നിന്നും വിരമിച്ച തനിക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. വാട്ടർ അതോറിറ്റിയിൽ നിന്നും തനിക്ക് ലഭിക്കാത്ത ആനുകൂല്യങ്ങൾ അനുവദിച്ച് തരണമെന്ന അപേക്ഷയുമായാണ് അസീസ് ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ അസീസിന്റെ പരാതി വിശദമായി പരിശോധിക്കുകയും വാട്ടർ അതോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. അബ്ദുൽ അസീസിൻ്റെ പരാതിയിൽ ഒരാഴ്ചയ്ക്കകം തീർപ്പ് കൽപ്പിച്ച് നഷ്ടപ്പെട്ട ഇൻഗ്രിമെന്റുകൾ നൽകി പരാതിയിൽ പരിഹാരം കാണുമെന്നും വാട്ടർ അതോറിറ്റി പി എച്ച് ഡിവിഷൻ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ സിറ്റിങ്ങിൽ ഉറപ്പുനൽകി.

അമിതമായ വെള്ള കരം ഈടാക്കുന്ന വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ ചളിക്കവട്ടം മുസ്ലിം ജമാഅത്ത് അധികൃതർ സമർപ്പിച്ച ഹർജി പരിഗണിച്ച കമ്മീഷൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വാട്ടർ അതോറിറ്റി അധികൃതർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *