കേരള സർക്കാരിന്റെ ഓൺലൈൻ ടാക്സി സേവനമായ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരവും കേരളത്തിന്റെ അഭിമാനവുമായ സഞ്ജു സാംസൺ നിയമിതനായി. പൊതുഗതാഗത രംഗത്ത് കേരളം സൃഷ്ടിച്ച വിപ്ലവകരമായ മാറ്റത്തിന്റെ സന്ദേശം സംസ്ഥാനമൊട്ടാകെ എത്തിക്കുന്നതിൽ, സർക്കാർ തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മാതൃകാ സംരംഭത്തിന് സഞ്ജു സാംസൺ നിർണായക പിന്തുണ നൽകും.
യാത്രക്കാർക്കും ഡ്രൈവർമാർക്കും ഒരുപോലെ നീതി ഉറപ്പാക്കുന്ന കേരള സവാരി, സർക്കാർ അംഗീകൃത നിരക്കുകളിൽ സുതാര്യമായി പ്രവർത്തിക്കുന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അധിക ചാർജുകളോ സർജ് പ്രൈസിംഗോ ഇല്ല, കൂടാതെ കമ്മീഷൻ രഹിത പ്രവർത്തന മാതൃകയിലൂടെ ഡ്രൈവർമാരുടെ വരുമാനം പൂർണമായി സംരക്ഷിക്കുന്നതും കേരള സവാരിയെ സ്വകാര്യ ടാക്സി ആപ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
നിലവിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന കേരള സവാരി ഇതിനോടകം 11.36 ലക്ഷം യാത്രകൾ പൂർത്തിയാക്കി. ഇതിലൂടെ ഡ്രൈവർമാർക്ക് 27.58 കോടി രൂപയുടെ വരുമാനം ലഭ്യമാക്കിയതായും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുന്നതിനുള്ള ശക്തമായ പദ്ധതികളും പുരോഗമിക്കുകയാണ്.
ലാഭത്തേക്കാൾ പൊതുനന്മ മുൻനിർത്തി, തൊഴിൽ സൃഷ്ടിയും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന മാതൃകാ സംരംഭമാണ് കേരള സവാരി. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ സേവനം ഉറപ്പാക്കുന്നതിനൊപ്പം, ഡ്രൈവർമാരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിലും ഈ പ്ലാറ്റ്‌ഫോം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.





