തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) വികിരണ തോത് ഉയരുന്നതായി മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാർ (ഇടുക്കി), കോന്നി (പത്തനംതിട്ട) എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് 8 രേഖപ്പെടുത്തി. ഇതിനെ തുടർന്ന് ജാഗ്രതയുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ സൂര്യപ്രകാശവും ഉയർന്ന വികിരണവും കാരണം ഈ പ്രദേശങ്ങളിലെ ജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഇതിനിടെ കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദീർഘനേരം അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തില് ഏല്ക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ എന്നിവയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. സാധാരണയായി UV ഇൻഡക്സ് 6–7 ആയാൽ യെല്ലോ അലർട്ട്, 8–10 ആയാൽ ഓറഞ്ച് അലർട്ട്, 11ന് മുകളിലെത്തുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ പുറത്തുപോകുമ്പോൾ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.





