Kerala News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ക്ഷാമബത്ത (ഡിഎ) മുൻകാല പ്രാബല്യം നൽകി കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കി. സർവീസ് പെൻഷൻകാരർക്കും ക്ഷാമാശ്വാസം (ഡിആർ) കുടിശ്ശികയായി ലഭിക്കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആർ ഗഡുക്കൾക്കൊക്കെയും മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശ്ശിക അനുവദിച്ചിരിക്കുന്നത്. യുജിസി, എഐസിടിഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമുകളിൽ ഉൾപ്പെട്ട അധ്യാപകർക്കും ഈ ആനുകൂല്യം ലഭിക്കും.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും നൽകേണ്ട മുഴുവൻ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിരുന്നെങ്കിലും, അതിന്റെ കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2026–27 സാമ്പത്തിക വർഷത്തിൽ ഈ കുടിശ്ശിക ഗഡുക്കൾ വിതരണം ചെയ്യുന്നതിനുള്ള തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രിൽ മുതൽ നൽകുകയും തുടർന്ന് അഞ്ച് തവണയായി കൂടുതൽ ഗഡുക്കൾ അനുവദിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 13 ശതമാനം ഡിഎയും ഡിആറും ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി അനുവദിച്ചതിനുശേഷം, മുഴുവൻ തുകയ്ക്കും യഥാർത്ഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകി വരുന്ന സാമ്പത്തിക വർഷം മുതൽ എട്ട് ഗഡുക്കളായി കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *