തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കൊപ്പം എസ്ഐആർ നടപടികളുടെ പുരോഗതിയും പരിശോധിക്കും. വൈകുന്നേരം 5.30ഓടെയാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ തയ്യാറെടുപ്പുകൾ നേരിട്ട് വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
നാളെ ഗ്യാനേഷ് കുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും, ഡിജിപി, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച അദ്ദേഹം വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഏപ്രിൽ അവസാന വാരത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സന്ദർശനം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നത്.





