കേരള നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത് 890 സ്ഥാനാര്‍ത്ഥികള്‍. ഇന്നായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മത്സരസ്ഥാനാര്‍ത്ഥികളുടെ കണക്ക് പുറത്ത് വിട്ടത്. 95 സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചിട്ടുണ്ട്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുള്ളത്. 13 പേരാണ് ഇവിടെ മത്സരിക്കുന്നത്. 11 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളും തൊട്ട് പിറകിലായുണ്ട്. നേമം, ചങ്ങനാശ്ശേരി, കളമശ്ശേരി, മണലൂര്‍, പേരാമ്പ്ര തുടങ്ങിയ മണ്ഡലങ്ങളില്‍ 10 മത്സരാര്‍ത്ഥികളുമുണ്ട്.
അതിനിടെ പ്രതീക്ഷിച്ച ചിഹ്നങ്ങള്‍ ലഭിക്കാത്തത് പല സ്ഥാനാര്‍ത്ഥികള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. എലത്തൂരില്‍ ക്ലോക്ക് ചിഹ്നം എകെ ശശീന്ദ്രന് ലഭിച്ചില്ല. കാഹളം മുഴക്കുന്ന മനുഷ്യനാണ് എകെ ശശീന്ദ്രന് ലഭിച്ച ചിഹ്നം. അമ്പലപ്പുഴയില്‍ ജി സുധാകരന് ലഭിച്ച ചിഹ്നം തെങ്ങിന്‍ തോപ്പാണ്. പിവി അന്‍വറിന് ഗ്യാസ് സിലിണ്ടര്‍ ചിഹ്നവും ലഭിച്ചു. എന്‍സിപി അജിത് പവാറിന്റെ പക്ഷം സ്ഥാനാര്‍ത്ഥി പികെ ശശീന്ദ്രനാണ് ക്ലോക്ക് ലഭിച്ചത്. ഫുട്‌ബോള്‍ ചിഹ്നം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പ്രചാരണം ആരംഭിച്ച കെകെ രമക്ക് ടെലിവിഷനും ലഭിച്ചു.





