ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ജെയിൽ ഡിജിപി മുഖേനെ സമൻസ് അയക്കുന്നതിനും വാറണ്ട് അയക്കുന്നതിനും ഉത്തരവ്. തൊടുപുഴ മുട്ടം സ്വദേശി നെല്ലിക്കുഴിയിൽ എൻ.പി.ചാക്കോ ഫയൽ ചെയ്ത ഹർജിയിലാണ് കിങ്ങ് സ്പേസസ് ബിൽഡേർസ് മാനേജിങ്ങ് ഡയറക്ടറായ അന്തിക്കാട് പടിയം അടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാമിനെതിരെയും കിങ്ങ് സ്പേസസ് ബിൽഡേർസ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ പി.ചന്ദ്രശേഖരനെതിരെയും ഇപ്രകാരം ഉത്തരവായത്. ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ തകരാറുകൾ പരിഹരിച്ചു നൽകുവാനും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 25000 രൂപയും നൽകുവാനും എതിർകക്ഷികൾക്കെതിരെ വിധിയായിരുന്നു.എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി മുഹമ്മദ് നിഷാം ജെയിലിലായതുകൊണ്ട് ജെയിൽ ഡിജിപി മുഖേനെ സമൻസ് അയക്കുവാനും ജനറൽ മാനേജർ പി.ചന്ദ്രശേഖരനെതിരെ പോലീസ് മുഖേനെ വാറണ്ട് അയക്കുവാനും കല്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.





