ചേലക്കര: അന്തിമഹാളൻ കാവിലെ വെടിക്കെട്ട് നടത്തിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വേല കമ്മറ്റി ഭാരവാഹികൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകിയ സാഹചര്യത്തിൽ അടുത്ത വർഷം വെടിക്കെട്ട് നടത്തിക്കുന്നതിന് ബിജെപി പ്രഥമ പരിഗണന നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ് കുമാർ. തണ്ണീർത്തട സംരക്ഷണ നിയമത്തിൻ്റെ മറപറ്റി പെർമനൻ്റ് മാഗസിൻ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തടയിടുകയാണ്. ആയിരക്കണക്കിന് ഹെക്ടർ നെൽവയൽ നികത്താൻ ഭൂമാഫിയകൾക്ക് കേരളം മുഴുവൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ വെടിപ്പുര നിർമ്മാണത്തിന് 5 സെൻ്റ് വയൽ നികത്താൻ അനുമതി നൽകാത്തത് വിരോധാഭാസമാണ്. വേല മുടക്കണമെന്ന കൃത്യമായ പദ്ധതിയാണ് രണ്ട് വർഷമായി സിപിഎം നടപ്പാക്കുന്നത്. അടുത്ത വർഷം വേല കമ്മറ്റി ഭാരവാഹികൾക്കൊപ്പം നിന്ന് ബിജെപി ഈ ഗൂഡാലോചനയെ തകർക്കും. വെടിക്കെട്ട് നടത്തിപ്പിന് പെസോയുടെ തടസ്സങ്ങൾ മൂലമല്ല കഴിഞ്ഞ വർഷങ്ങളിൽ വെടിക്കെട്ട് മുടങ്ങിയത്. വരും വർഷവും പെസോയുടെ ഭാഗത്ത് നിന്ന് തടസ്സങ്ങൾ ഇല്ലാതെ നോക്കുമെന്ന് ബഹു.കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അനീഷ് കുമാർ പറഞ്ഞു.





