ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശി കാക്കനാടൻ വീട്ടിൽ രമേശ്.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ പാറയിൽ ഏജൻസീസ് ഉടമക്കെതിരെയും കൊച്ചിയിലെ ഷാർപ്പ് ബിസിനസ് സിസ്റ്റംസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായത്.
ഹർജിക്കാരൻ വാങ്ങിയ ടി വി ഉപയോഗിച്ചു വരവെ സ്ക്രീനിൽ ലൈനുകൾ വരുന്ന തകരാർ കാണപ്പെട്ടു. ഇത് സ്ക്രീനിലെ കാഴ്ച മറക്കുകയും ചിത്രങ്ങൾ കാണാനാകാത്ത അവസ്ഥ വരുത്തുകയും ചെയ്തു. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷികളുടെ സേവനത്തിലെ വീഴ്ച വിലയിരുത്തി, രണ്ടാം എതിർകക്ഷിയായ ഷാർപ്പ് കമ്പനിയോട് 24454 രൂപ 40 പൈസയും ഇരു എതിർകക്ഷികളും ചേർന്ന് നഷ്ടപരിഹാരമായി 15000 രൂപയും ചിലവിലേക്ക് 10000 രൂപയും നല്കാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.





