നാഗ്പൂർ: മെറ്റയും ഇൻസ്റ്റഗ്രാമും രാഷ്ട്രീയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നുവെന്നും അഞ്ച് ദശലക്ഷത്തിലധികം രാഷ്ട്രീയ പോസ്റ്റുകൾ നീക്കം ചെയ്തുവെന്നും ആരോപിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) കൺവീനർ അഭിജീത് ദിപ്കെ. ഭരണകക്ഷിയായ ബിജെപിയെ പരിഹസിച്ചുകൊണ്ട് നാഗ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ‘മോദി ചാലിസ’ എന്ന ഗാനവും വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചുകൊണ്ടായിരുന്നു ദിപ്കെയുടെ പ്രതിഷേധം. പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഒഴികെ മറ്റ് രാഷ്ട്രീയ നേതാക്കളെയും വിഷയങ്ങളെയും സംബന്ധിച്ച പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിലും മെറ്റയിലും നിയന്ത്രിക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള അഞ്ച് ദശലക്ഷത്തിലധികം പോസ്റ്റുകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്തതായും സി.ജെ.പി സ്ഥാപകൻ അവകാശപ്പെട്ടു. എന്നാൽ ഈ കണക്കുകൾക്ക് സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല.





