ബെംഗളൂരു: പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവേശ്വരനെ ബസവ മണ്ഡപ എന്ന പുസ്തകത്തിലൂടെ അപമാനിച്ചെന്ന കേസിൽ അമേരിക്കൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഴുത്തുകാരൻ രവി ഹഞ്ചിനും പ്രസാധകനും മാധ്യമപ്രവർത്തകനുമായ വിശ്വേശ്വർ ഭട്ടിനും ബെംഗളൂരുവിലെ കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.
56-ാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി മോഹൻ പ്രഭുവാണ് ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിച്ച് ഉത്തരവിട്ടത്.
വീരശൈവ-ലിംഗായത്ത് സമുദായാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് വിവാദം ശക്തമായത്. ഇതേത്തുടർന്ന് നവംബർ 19-ന് ചേർന്ന കർണാടക മന്ത്രിസഭ പുസ്തകത്തിൻ്റെ കോപ്പികൾ പിടിച്ചെടുക്കാനും എഴുത്തുകാരനും പ്രസാധകനുമെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനിടെയാണ് ഇരുവർക്കും കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.





