ന്യൂഡൽഹി: വെനീസ് ആർട്ട് ബിനാലെയിൽ മികച്ച ദേശീയ പവലിയനുള്ള (Best National Pavilion) വിസിറ്റേഴ്‌സ് ലയൺ പുരസ്കാരം ഇന്ത്യാ പവലിയൻ സ്വന്തമാക്കി. രാജ്യത്തിൻ്റെ കലാ-സാംസ്കാരിക മേഖലയ്ക്ക് അഭിമാനകരമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.
ഇന്ത്യൻ കലാകാരന്മാർ രാജ്യത്തിൻ്റെ സമ്പന്നവും വൈവിധ്യപൂർണവുമായ സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആഗോള കലാരംഗത്ത് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പുരസ്കാര നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ നേട്ടം കൂടുതൽ യുവ ഇന്ത്യക്കാരെ കലാരംഗത്തേക്ക് കടന്നുവരാനും പുതിയ സർഗാത്മക മേഖലകൾ കണ്ടെത്താനും പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.
അന്താരാഷ്ട്ര കലാരംഗത്ത് ഇന്ത്യൻ കലാകാരന്മാരുടെ സാന്നിധ്യവും സംഭാവനകളും അടയാളപ്പെടുത്തുന്നതാണ് ഈ പുരസ്കാര നേട്ടം.





