
സൽജണ്ടി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ സൂര്യകിരണിന്റെ 20-ാം പതിപ്പിന് നേപ്പാളിലെ സൽജണ്ടിയിലുള്ള നേപ്പാൾ ആർമി ബാറ്റിൽ സ്കൂളിൽ തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 8 വരെയാണ് സൈനികാഭ്യാസം നടക്കുന്നത്.
നേപ്പാൾ സൈന്യത്തിൻ്റെ മിഡ് വെസ്റ്റേൺ ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡിങ് മേജർ ജനറൽ പൂർണ ബഹാദൂർ ഖത്രി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
കുമയോൺ റെജിമെൻ്റിലെ 334 സൈനികരാണ് ഇന്ത്യൻ സൈനിക സംഘത്തെ പ്രതിനിധീകരിക്കുന്നത്. നേപ്പാൾ സൈന്യത്തിൻ്റെ ശ്രി ജ്വാല ദൾ ബറ്റാലിയനിൽ നിന്നുള്ള തുല്യസംഖ്യയിലുള്ള സൈനികരും അഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
പ്രതികൂല ഭൂപ്രദേശങ്ങളിൽ ഭീകരവിരുദ്ധ, കലാപവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള സംയുക്ത പരിശീലനത്തിലൂടെ ഇരുസൈന്യങ്ങളും തമ്മിലുള്ള പ്രവർത്തന ഏകോപനം, പരസ്പര ധാരണ, സംയുക്ത പ്രവർത്തനശേഷി എന്നിവ മെച്ചപ്പെടുത്തുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം.
സംയുക്ത തന്ത്രപ്രധാന സൈനിക നീക്കങ്ങൾ, ഹെലികോപ്റ്റർ മുഖേനയുള്ള പ്രവർത്തനങ്ങൾ, ദുരന്തനിവാരണം, മെഡിക്കൽ പരിശീലനം എന്നിവയും അഭ്യാസത്തിന്റെ ഭാഗമാണ്. പ്രവർത്തനപരിചയങ്ങളും മികച്ച പരിശീലനരീതികളും ഇരുസൈന്യങ്ങളും പരസ്പരം കൈമാറും. സംയുക്ത സൈനിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും നടപടിക്രമങ്ങളും ഇതിലൂടെ മെച്ചപ്പെടുത്തും.
ഇന്ത്യയിലും നേപ്പാളിലുമായി മാറിമാറി സംഘടിപ്പിക്കുന്ന വാർഷിക ഉഭയകക്ഷി സൈനികാഭ്യാസമാണ് സൂര്യകിരൺ. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരുസൈന്യങ്ങളും തമ്മിലുള്ള വിശ്വാസവും സൗഹൃദവും വർധിപ്പിക്കുന്നതിനും മേഖലയിൽ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനും ഇത്തവണത്തെ അഭ്യാസം സഹായകമാകും.




