ന്യൂഡൽഹി: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി അങ്കണവാടികളിൽ ജനപങ്കാളിത്തം വർധിപ്പിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
സുഷമ സ്വരാജ് ഭവനിൽ നടന്ന ദ്വിദിന ദേശീയ വനിതാ-ശിശു വികസന വകുപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ തലത്തിലും നഗരസഭ, മുനിസിപ്പൽ കോർപ്പറേഷൻ തലങ്ങളിലും സമാനമായ ചിന്തൻ ശിബിരങ്ങൾ സംഘടിപ്പിക്കണമെന്നും അങ്കണവാടി പ്രവർത്തകർക്കായി പ്രത്യേക ശിബിരങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
അങ്കണവാടികളുടെ പ്രവർത്തനങ്ങളിൽ സർവകലാശാലകൾ, മെഡിക്കൽ വിദ്യാർഥികൾ, എൻഎസ്എസ്, എൻസിസി വളന്റിയർമാർ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കൗമാരക്കാരായ പെൺകുട്ടികളുടെ ആരോഗ്യത്തിനും പോഷകാഹാരത്തിനും കൂടുതൽ ശ്രദ്ധ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീസുരക്ഷ, ശുചിത്വം, പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രോത്സാഹനം, വനിതാ സാമ്പത്തിക ശാക്തീകരണം എന്നിവയ്ക്കായി വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അങ്കണവാടികളിൽ വളരുന്ന കുട്ടികളാണ് വികസിത ഭാരതത്തിന്റെ ഭാവി പടുത്തുയർത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





