ഷവർമ അടക്കമുള്ള ആഹാര സാധനങ്ങൾ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാസർകോട് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ച സംഭവത്തിൽ മാതാവ് നൽകിയ ഹർജിയിലാണ് ഈ നിർദ്ദേശം.
ഷവർമ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ 12.43 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. മകളുടെ മരണത്തിന് കാരണം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിനാലാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇത്തരമൊരു ഹർജി നൽകിയതിന് ഹർജിക്കാരിയെ അഭിനന്ദിച്ച കോടതി, കോടതി ചെലവായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ഹർജിക്കാരിക്ക് നഷ്ടപരിഹാരം നൽകുന്നത്, കേസ് പരിഗണിക്കുന്ന കാസർകോട് അഡീഷണൽ സെഷൻസ് കോടതി രണ്ടുമാസത്തിനകം പരിഗണിക്കണം എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
2022 മേയ് ഒന്നിനാണ് ഷവർമ കഴിച്ചതിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്.





