പാലക്കാട്: വഖഫ് ബോര്‍ഡിനെ നിസാരമായി കാണാന്‍ കഴിയില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കല്പാത്തിയില്‍ ഉള്‍പ്പടെ വഖ്ഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചേക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. വഖഫ് ഏതെങ്കിലും ഭൂമിയില്‍ ബോര്‍ഡ് വച്ചാല്‍ ആളുകള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കും. മലബാര്‍ മേഖലയെയാണ് വഖഫ് ബോര്‍ഡ് കൂടുതല്‍ ബാധിക്കുക. ടിപ്പുവിന്റെ പേരുപറഞ്ഞ് പാലക്കാട്ടെ ഭൂമി പിടിച്ചെടുക്കാന്‍ സാധ്യതയുണ്ട്.
മുനമ്പത്ത് സാധാരണക്കാര്‍ ഉള്‍പ്പെടെ ആ പ്രശ്‌നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
ഉപതെരഞ്ഞെടുപ്പില്‍ വിഷയം ചര്‍ച്ചയാകുമെന്നും ഫലത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുമുന്നണികളും മുനമ്പത്തെ കുറിച്ച്പ്രസ്താവനയിറക്കിയെന്നല്ലാതെ ഒരു നടപടിയും എടുത്തിട്ടില്ല.
പാലക്കാട് സിപിഎം- കോണ്‍ഗ്രസ് ഡീല്‍ നടക്കുന്നുണ്ട്. പാലക്കാടിന്റെ വികസനത്തിനും, കര്‍ഷകരും, വ്യവസായ മേഖലയും ഉള്‍പ്പെടെ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണമെങ്കില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസി: എ.എന്‍. അനുരാഗ്, ജില്ലാ അധ്യക്ഷന്‍ അഡ്വ.കെ. രഘുനാഥ്,ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് എന്നിവരും പങ്കെടുത്തു.





