Kerala News

ബാലാവകാശ കമ്മീഷൻ:-‘ബാലസൗഹൃദ രക്ഷാകർതൃത്വം’ കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരിശീലനം നടത്തി

സംസ്ഥാന ബാലാവകാശ കമ്മീഷനും തൃശ്ശൂർ കുടുംബശ്രീ ജില്ലാ മിഷനും ചേർന്ന് ‘ബാലസൗഹൃദ രക്ഷാകർതൃത്വം’ ഏകദിന പരിശീലനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയാണ് കുടുംബങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്നത് എന്നും അത് കൊണ്ട് സുരക്ഷിത ബാല്യം സുന്ദര ഭവനം എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ കുടുംബശ്രീ പരിശ്രമിക്കണം എന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷൻ കൊ ഓർഡിനേറ്റർ ഡോ. സലിൽ യു അധ്യക്ഷത വഹിച്ച പരിപാടിയിൽ അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പ്രസാദ് കെ കെ സ്വാഗതം അർപ്പിക്കുകയും, അരിമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സ്‌മിത അജയകുമാർ, ജില്ലാ ശിശുസംരക്ഷണ വകുപ്പ് ഓഫീസർ ശരണ്യ സി ജി, സിഡിഎസ് ചെയർപേഴ്സൺ ജിജി എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആദർശ് പി ദയാൽ നന്ദി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിന് ശേഷം ഉത്തരവാദിത്വ പൂർണമായ രക്ഷകർതൃത്വം എന്ന വിഷയത്തിൽ ഡോ. ബാസ്പിനും ബാലാവകാശങ്ങൾ എന്ന വിഷയത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം സിമി ക്ലാസുകൾ നൽകി. ജില്ലയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 180 പേര് പങ്കെടുത്തു. ബാലസൗഹൃദ കേരളം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തി വരുന്ന ബൃഹത്ത് പ്രചാര പദ്ധതിതിയാണ് ബാലസൗഹൃദ കേരളം. കുടുംബങ്ങളിൽ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ്റെ നേത്യത്വത്തിൽ ‘സുരക്ഷിത ബാല്യം സുന്ദര ഭവനം’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. സാമൂഹിക വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും പ്രോത്സാഹിപ്പിക്കുവാൻ കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് മനുഷ്യാവകാശം സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സമ്മേളനങ്ങളുടെയും സാർവ്വദേശീയ പ്രഖ്യാപനങ്ങൾ നിഷ്കർഷിക്കുന്നു. സ്വന്തം കുടുംബങ്ങളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലാത്ത പശ്ചാത്തലം കേരളത്തിൽ ഉണ്ടാകുന്നതായി വാർത്തകൾ വരുന്നു. കുട്ടികൾക്ക് ഭയരഹിതവും നിഷ്കളങ്കവുമായി ജീവിക്കുവാൻ കഴിയുന്ന അവസ്ഥ ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ട്.

യു എൻ സി ആർ സി (അനുച്ഛേദം 19) പ്രകാരം മാതാപിതാക്കളിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ ഉണ്ടാകുന്ന അതിക്രമങ്ങൾ, ലൈംഗികവും അല്ലാത്തതുമായ ചൂഷണങ്ങൾ, അവഗണനകൾ എന്നിവയിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണം ഭരണകൂടം ഉറപ്പ് വരുത്തണം. ബാലനീതി ആക്റ്റ് 2015, വകുപ്പ് 3 (v) പ്രകാരം കുട്ടിയുടെ പരിപാലനത്തിനും പരിപോഷണത്തിനും സംരക്ഷണത്തിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം കുടുംബങ്ങൾക്കുണ്ട്. മേൽ പറഞ്ഞ നിയമ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കുട്ടികൾ കുടുംബങ്ങളിൽ സുരക്ഷിതമായി വളരുന്നതിനുമുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിനുമായാണ് കേരളത്തിലുടനീളം അവബോധ പ്രവർത്തനങ്ങൾ നടത്തുവാൻ കമ്മീഷൻ തീരുമാനിച്ചത്.

ബാലസൗഹൃദ രക്ഷാകർതൃത്വം പ്രാവർത്തികമാക്കുവാൻ തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയോജിത പ്രവർത്തനത്തിലൂടെ സാധ്യമാക്കുവാനാണ് ലക്ഷ്യംവെയ്ക്കുന്നത്. കൂടാതെ കുട്ടികൾക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീകൃത അതിക്രമങ്ങൾ, ചൂഷണങ്ങൾ എന്നിവ തടയുന്നതിനും കുട്ടികൾക്കിടയിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും കുട്ടികൾക്കിടയിലെ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും, കുട്ടികൾക്ക് സൈബർസുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവൽക്കരണം നൽകുന്നതുമാണ് പദ്ധതി ലക്ഷ്യം.

ഒരുകോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തരീക്ഷങ്ങൾ ബാലസൗഹ്യദ ഇടങ്ങളാക്കുന്നിനും കുടും ബശ്രീയുടെ സഹകരണത്തോടുകൂടി സമൂഹത്തിൻ്റെ പ്രാഥമിക ഘടകമായ കുടുംബ ങ്ങളിലേയ്ക്ക് ബോധവൽക്കരണം എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ നേതൃത്വത്തിൽ 2024 നവംബറിൽ കുടുംബശ്രീയുടെ തെരഞ്ഞെടുക്കപ്പെട്ട ഏഴ് ജില്ലകളിൽ റിസോഴ്‌സ് പേഴ്സൺമാരെ ഉൾപ്പെടുത്തികൊണ്ടാണ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *