വാല്‍പ്പാറ: തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. സംഭവം അതീവ ദുഃഖകരമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാല്‍പ്പാറയിലെ അപകടത്തില്‍ യാത്രക്കാര്‍ മരിച്ചത് ഏറെ ദുഃഖകരമാണെന്നും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായവും പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അപകടത്തില്‍ 7 സ്ത്രീകളും 2 കുട്ടികളുമാണ് മരിച്ചത്. മലപ്പുറത്ത് നിന്നും വിനോദയാത്രക്ക് പോയ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം പാങ്ങ് ചേണ്ടി പാറമ്മല്‍ എല്‍പി സ്‌കൂളിലെ അധ്യാപകരും, ജീവനക്കാരും അതില്‍ ചിലരുടെ കുടുംബങ്ങളുമാണ് യാത്ര പോയത്. വളവില്‍ നിയന്ത്രണം വിട്ട വാന്‍ സംരക്ഷണ ഭിത്തിയും തകര്‍ത്ത് 300 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.





