Culture Kerala News

അഷ്ടപദി സംഗീതോത്സവം നാളെ ആരംഭിക്കും


ഗുരുവായൂർ ദേവസ്വം അഞ്ചാമത് അഷ്ടപദി സംഗീതോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ ആറു മണിക്ക് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലെ അഷ്ടപദി സംഗീതോത്സവ മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ സംഗീതോത്സവം സമാരംഭിക്കും. തുടർന്ന് വൈകിട്ട് ആറു വരെ നൂറിലേറെ കലാകാരൻമാർ അഷ്ടപദി അർച്ചനയിൽ പങ്കെടുക്കും.

വൈകിട്ട് ആറു മണിമുതൽ വിശേഷാൽ പഞ്ചരത്ന അഷ്ടപദി, തുടർന്ന് രാത്രി 7 ന് അഷ്ടപദി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനവും ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാര സമർപ്പണവും നടക്കും. പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ.കെ. ഓമനക്കുട്ടിയാണ് ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്വഹിക്കുന്നത്.

അഷ്ടപദി കലാകാരൻ ഊരമന രാജേന്ദ്ര മാരാർ പുരസ്കാരം ഏറ്റുവാങ്ങും. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനാകും. ഡോ. സുദേവ് കൃഷ്ണ ശർമ്മൻ അഷ്ടപദി ദിന പ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. വൈക്കം വേണുഗോപാലാണ് പുരസ്കാര സ്വീകർത്താവിനെ പരിചയപ്പെടുത്തുന്നത്. ദേവസ്വം ഭരണസമിതി അംഗങ്ങൾ ചടങ്ങിൽ ആശംസകൾ നേരും. തുടർന്ന് രാത്രി 8 ന് പുരസ്‌കാര സ്വീകർത്താവിൻ്റെ വിശേഷാൽ അഷ്ടപദിയുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *