തൃശൂർ പൂരം വേണ്ടത്ര കലങ്ങിയില്ലെന്ന അഭിപ്രായമാണ് പിണറായി വിജയനുള്ളതെന്ന് വി.മുരളീധരൻ. എഫ്.ഐ.ആർ ഇട്ട് ദേവസ്വം ഭാരവാഹികൾക്കെതിരെ കേസെടുക്കാനാണ് നീക്കമെങ്കിൽ വിശ്വാസികൾ വീണ്ടും തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും വി.മുരളീധരൻ പ്രതികരിച്ചു. ഹൈന്ദവ വിശ്വാസത്തോട് ശബരിമല ആചാരലംഘനം മുതൽ സിപിഎം സ്വീകരിക്കുന്ന സമീപനമിതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് ബിജെപിയുടെ മത്സരം കോൺഗ്രസിന്‍റെ രണ്ട് സ്ഥാനാർത്ഥികളോടെന്ന് മുരളീധരൻ പരിഹസിച്ചു. കോൺഗ്രസ് ഔദ്യോഗികമായി നിർത്തിയ സ്ഥാനാർത്ഥിയും സിപിഎമ്മിന് കടം കൊടുത്ത സ്ഥാനാർത്ഥിയുമാണ് ബിജെപിക്ക് എതിരെ മത്സരിക്കുന്നത്. ഇ.ശ്രീധരനെ തോൽപ്പിക്കാൻ സിപിഎം കോൺഗ്രസിന് വോട്ട് മറിച്ചെന്ന കാര്യം ഇതോടെ തെളിഞ്ഞെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.
ഇൻഡി മുന്നണിയുടെ അധികാരത്വര അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പാണിത്. വികസനം ചർച്ച ചെയ്യാൻ ഇൻഡി സഖ്യത്തിന് താത്പര്യമില്ല. പാലക്കാട് നഗരസഭ ബിജെപി ഭരിക്കുന്നത് കൊണ്ട് വികസന കാര്യത്തിൽ സിപിഎം തടസം നിൽക്കുകയാണ്. രാഷ്ട്രീയ വൈരാഗ്യം മൂലം തദ്ദേശഭരണവകുപ്പ് മന്ത്രിയുടെ സ്വന്തം നാടായിട്ടും സംസ്ഥാനസര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
പാലക്കാടിന്‍റെ വികസനം ഉറപ്പുവരുത്താൻ കഴിയുന്ന ജനപ്രതിനിധിയാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയെന്നും അദ്ദേഹം പ്രതികരിച്ചു. പിണറായിയുടെ അധോലോക ഭരണവും അതിന് കുഴലൂതുന്ന വി.ഡി.സതീശന്‍റെ പ്രതിപക്ഷവുമാണ് കേരളത്തിലുള്ളതെന്നും വി.മുരളീധരൻ പറഞ്ഞു.