
തൃശൂർ സൂവോളജിക്കൽ പാർക്കിലേക്ക് ഇനി കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിൽ യാത്ര ചെയ്യാം. നഗര കാഴ്ച്ചകളും ആകാശവും കണ്ടാസ്വാദിച്ച് സുവോളജിക്കൽ പാർക്കിലെത്താം. കെ എസ് ആർ ടി സി ഡബിൾ ഡക്കർ ബസിന്റെ ഫ്ലാഗ് ഓഫ് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജനും ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറും ചേർന്ന് നിർവഹിച്ചു.
അപാരമായ സാധ്യതകളുള്ള പദ്ധതിയാണ് സൂവോളജിക്കൽ പാർക്കെന്ന് മന്ത്രി കെ. ബി ഗണേഷ്കുമാർ പറഞ്ഞു. ജന്തു ശാസ്ത്രത്തിൽ ഗവേഷണം നടത്താനുതകുന്ന പഠനകേന്ദ്രം കൂടിയായി സുവോളജിക്കൽ പാർക്ക് മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സുവോളജിക്കൽ പാർക്കിൽ മൃഗങ്ങളുടെ എണ്ണത്തിനല്ല പ്രാധാന്യം, ഇത് അസാമാന്യമായ ഒരു പ്രകൃതി പഠന ശാലയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഒരു കാലത്ത് നഷ്ടത്തിലായിരുന്ന കെ എസ് ആർ ടി സി ഇന്ന് വരെ കണ്ടിട്ടില്ലാത്ത വഴികളിലൂടെ ഒഴുകി ഇറങ്ങി യാത്ര ട്രിപ്പുകൾ , ടൂറിസ്റ്റ് സംവിധാനങ്ങൾ എല്ലാം കൂടെയായി ലാഭത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശ്ശൂരിന്റെ സവിശേഷതകളെയും സുവോളജിക്കൽ പാർക്കിനെയും അടയാളപ്പെടുത്തുന്ന ഡിസൈനാണ് ബസിന് നൽകിയിട്ടുള്ളത്. തൃശൂർ പുരവും , പുലിക്കളിയും, ചെണ്ടമേളവും , പഞ്ചവാദ്യവും, കഥകളിയും മോഹിനിയാട്ടവും , മൃഗങ്ങളും ഒക്കെ ബസ് ഡിസൈന്റെ സവിശേഷതകളാണ്.
രാവിലെ എട്ടിനും, വൈകീട്ട് മൂന്നിനും തൃശൂരിൽ നിന്ന് സുവോളജിക്കൽ പാർക്കിലേക്ക് ഡബിൾ ഡക്കർ ബസ് യാത്ര ചെയ്യും. ബസിൽ കയറി നഗര കാഴ്ചകൾ കണ്ട് പാർക്കിലൂടെ സഞ്ചരിച്ച് തിരികെ തൃശൂരിൽ എത്താം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. എസ് വിനയൻ, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മിനി ഉണ്ണികൃഷ്ണൻ, പുത്തൂർ ഗ്രാമപഞ്ചായത്തംഗം വി. ആർ രമേഷ്, സ്പെഷ്യൽ ഓഫീസർ കെ. ജെ വർഗീസ്, സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി. എൻ നാഗരാജ്, കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി. എസ് പ്രമോജ് ശങ്കർ, സിനി ആർട്ടിസ്റ്റ് ജയരാജ് വാര്യർ , പുത്തൂർ പള്ളി വികാരി ഫാദർ ജോജോ പനക്കൽ , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഗതാഗതം, വനം വകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.





