നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം വികസന–ക്ഷേമ പദ്ധതിയുടെ ഭാഗമായി എല്ലാ വാർഡുകളിലെയും സമ്പൂർണ ഗൃഹസന്ദർശനം വിജയകരമായി പൂർത്തിയാക്കിയതിന് പിലിക്കോട് ഗ്രാമപഞ്ചായത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. ജില്ലാ നിർവഹണ സമിതിയുടെ അനുമോദന പുരസ്‌കാരം മുഖ്യമന്ത്രി പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കുഞ്ഞിരാമന് സമ്മാനിച്ചു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ തിരുമുമ്പ് കാർഷിക സംസ്‌കൃതി പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് അനുമോദനം നടന്നത്. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
രാജ് മോഹൻ ഉണ്ണിത്താൻ എംപി, ഇ. ചന്ദ്രശേഖരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാതല നിർവഹണസമിതി ചെയർമാനും ജില്ലാ കളക്ടറുമായ കെ. ഇമ്പശേഖർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം. മനു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉത്തര മേഖല കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. ടി. വനജ, ജില്ലാ ഇൻഫർമേഷൻ ഓഫീസറും ജില്ലാതല കൺവീനറുമായ എം. മധുസൂദനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പിലിക്കോട് ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി 6,959 വീടുകളിലെത്തി ഗൃഹസന്ദർശനം നടത്തി പൗരന്മാരുടെ അഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് ഈ നേട്ടം കൈവരിച്ചത്. 69 കർമ്മസേനാംഗങ്ങളുടെ നിസ്വാർത്ഥ സേവനവും മുഴുവൻ വാർഡ് അംഗങ്ങളുടെ പിന്തുണയുമാണ് ദൗത്യം വിജയകരമാക്കിയത്. ഫീൽഡിൽ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഴ്ചതോറും ഓൺലൈൻ യോഗങ്ങൾ നടത്തി ത്വരിത നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് ചാർജ് ഓഫീസർ രമേശൻ കുറുവാട്ട്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ. രാജേഷ്, മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകിയ പ്രവർത്തനം അഭിമാനകരമാണെന്ന് എം. രാജഗോപാലൻ എംഎൽഎ പറഞ്ഞു.





